ഇന്ത്യൻ വാഹന വിപണിയിലെ തങ്ങളുടെ ആധിപത്യം കൂടുതൽ ഊർച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വൻ പദ്ധതികളുമായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. അടുത്ത മാസങ്ങളിലും വർഷങ്ങളിലുമായി വിവിധ സെഗ്മെന്റുകളിലായി അഞ്ച് പുതിയ വാഹനങ്ങൾ നിരത്തിലിറക്കാനാണ് കമ്പനിയുടെ തീരുമാനം.
പെട്രോൾ, സി.എൻ.ജി, ഫ്ലെക്സ് ഫ്യുവൽ, ഇലക്ട്രിക് തുടങ്ങി വിവിധ ഇന്ധന ഓപ്ഷനുകളിലായി എത്തുന്ന ഈ പുതിയ നിരയിൽ, ജനപ്രിയ മോഡലായ നെക്സോണിന്റെ പുതിയ വകഭേദങ്ങൾ മുതൽ പ്രീമിയം ഇലക്ട്രിക് എസ്യുവിയായ അവിന്യ വരെ ഉൾപ്പെടുന്നുണ്ട്. വിപണിയിലെ മത്സരങ്ങൾ മുന്നിൽക്കണ്ട് ടാറ്റ നെക്സോൺ പുതിയ വകഭേദങ്ങൾ ഓഗസ്റ്റിൽ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.
പെട്രോൾ, സി.എൻ.ജി എൻജിൻ ഓപ്ഷനുകളിലാകും ഈ പുതിയ പതിപ്പുകൾ എത്തുക. ആകർഷകമായ വിലയിലും നൂതന ഫീച്ചറുകളിലും എത്തുന്ന ഈ വാഹനങ്ങളിൽ സി.എൻ.ജി പതിപ്പിന് കൂടുതൽ ബൂട്ട് സ്പേസ് ലഭ്യമാക്കാൻ സാധ്യതയുണ്ട്.
കമ്പനിയുടെ ചരിത്രത്തിലെ ആദ്യ ഏഴ് സീറ്റർ ഇലക്ട്രിക് എസ്യുവിയായ സഫാരി ഇ.വി ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാരിയർ ഇ.വിയിൽ ഉപയോഗിക്കുന്ന ആക്ടി.ഇവി പ്ലസ് പ്ലാറ്റ്ഫോമിലാണ് ഇത് നിർമ്മിക്കുന്നത്.
ഇതിൽ 65 കിലോവാട്ട് മണിക്കൂറും 75 കിലോവാട്ട് മണിക്കൂറും ശേഷിയുള്ള ബാറ്ററി പായ്ക്കുകൾ ഉൾപ്പെടുത്തിയേക്കാം. ഒറ്റ ചാർജിൽ ഏകദേശം 550 മുതൽ 600 കിലോമീറ്റർ വരെ ദൂരം പിടിക്കാൻ ഈ വാഹനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
കൂടാതെ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഓട്ടോ പാർക്കിങ്, 540 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനിക സവിശേഷതകളും വാഹനത്തിലുണ്ടായേക്കും. ഇതോടൊപ്പം ജനപ്രിയ സെഡാനായ ടിഗോർ ഫെയ്സ്ലിഫ്റ്റ് പതിപ്പും ടാറ്റ വിപണിയിലെത്തിക്കും.
പുതിയ ടിയാഗോയുടെ ഡിസൈൻ ശൈലി പിന്തുടരുന്ന രൂപകൽപ്പനയും കൂടുതൽ ഫീച്ചറുകളും ഇതിൽ പ്രതീക്ഷിക്കാം. പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് പതിപ്പുകളിൽ വാഹനം ലഭ്യമാകും.
1.2 ലിറ്റർ പെട്രോൾ എൻജിനും നിലവിലുള്ള 26 കിലോവാട്ട് മണിക്കൂർ ബാറ്ററി പായ്ക്കും ഇതിൽ തുടർന്നേക്കും. ഇലക്ട്രിക് പതിപ്പിന് ഏകദേശം 315 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയുമായി എത്തുന്ന ടാറ്റയുടെ ആദ്യ മോഡലായി പഞ്ച് ഫ്ലെക്സ് ഫ്യുവൽ വിപണിയിലെത്തും. പഞ്ച് എസ്യുവിയെ അടിസ്ഥാനമാക്കിയുള്ള ഈ വാഹനം 2026 അവസാനമോ 2027 ആദ്യമോ അവതരിപ്പിക്കാനാണ് സാധ്യത.
85 ശതമാനം എത്തനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ-85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ എൻജിനായിരിക്കും ഇതിൽ സജ്ജീകരിക്കുക. പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ടാറ്റയുടെ ചുവടുവെപ്പായി മാറുന്നത് അവിന്യ എന്ന മോഡൽ ആയിരിക്കും.
അഞ്ച് സീറ്റുകളുള്ള ഈ പ്രീമിയം എസ്യുവിക്ക് തികച്ചും ആധുനികവും ഭാവിയെ ലക്ഷ്യമിട്ടുള്ളതുമായ രൂപകൽപ്പനയാണ് നൽകിയിട്ടുള്ളത്. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, അത്യാധുനിക കണക്റ്റിവിറ്റി തുടങ്ങിയവ ഇതിൽ പ്രതീക്ഷിക്കാം.
65 മുതൽ 80 കിലോവാട്ട് മണിക്കൂർ വരെ ശേഷിയുള്ള ബാറ്ററി പായ്ക്ക് ഇതിൽ ഉൾപ്പെടുത്തിയേക്കാം. ഭാവിയിൽ ഈ വാഹനത്തിന്റെ ഏഴ് സീറ്റർ പതിപ്പും വിപണിയിൽ എത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

