ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട റെജീന ജോണി (49), മകൻ ജോസഫൈൻ (27) എന്നിവരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്.
പയ്യാനിത്തോട്ടം മണപ്പാട്ട് വീട്ടിൽ ഉരുൾപൊട്ടലിൽ മരിച്ച ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്നലെ പയ്യാനിത്തോട്ടം സെന്റ് അൽഫോൻസ പള്ളിയിൽ നടന്നു. ദുരന്തത്തിൽ വീട് പൂർണ്ണമായി തകർന്ന് മൺകൂനയായി മാറിയതിനെ തുടർന്ന്, റെജീന ജോലി ചെയ്തിരുന്ന പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂൾ അങ്കണത്തിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെ ഇവിടെയെത്തിച്ച മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ കനത്ത മഴയെയും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. റെജീനയുടെ മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വിതുമ്പിക്കരച്ചിലോടെ മൃതദേഹങ്ങൾക്ക് അരികിൽ തളർന്നിരുന്നു.
ബന്ധുക്കളെയും നാട്ടുകാരെയും ആശ്വസിപ്പിക്കാനാവാതെ എം.ജെ.ജോണിയും സങ്കടകടലിലായി. സ്കൂളിന് സമീപത്തുള്ള സെന്റ് അൽഫോൻസ പള്ളിയുടെ കല്ലറയിലായിരുന്നു അന്തിമ ചടങ്ങുകൾ.
സംസ്കാര ശുശ്രൂഷകൾക്ക് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽ മോൺ ജോസഫ് തടത്തിൽ, ഇടവക വികാരി ഫാ.
അലക്സ് പൈകട എന്നിവരും സഹകാർമികരായി.
സർക്കാരിനു വേണ്ടി മന്ത്രി മോൻസ് ജോസഫ് പുഷ്പചക്രമർപ്പിച്ചു. ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് പാലാ ആർഡിഒ ഷാഹിന രാമകൃഷ്ണൻ, മീനച്ചിൽ തഹസിൽദാർ സജിമോൻ മാത്യു എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, റബർ ബോർഡ് ചെയർമാൻ എൻ.ഹരി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ തുടങ്ങിയ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ജോലിക്കായി കാത്തിരുന്ന നാളുകൾ കാലിന്റെ പരിക്കിൽ നിന്ന് പൂർണ്ണമുക്തി നേടി ജോസഫൈൻ ജോലിലേക്ക് മടങ്ങാനിരുന്ന ദിവസമായിരുന്നു ഇത്. “നാടൊക്കെ ശരിയായി..
നാളെത്തൊട്ട് ഉണ്ണിക്കുട്ടൻ (ജോസഫൈൻ) ജോലിക്കു വരാൻ ഇരിക്കുകയായിരുന്നു,” ചൂടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളജിലെ മെസ് മാനേജർ ഫാ. ജോൺ മറ്റമുണ്ടയിൽ ഹോളി സ്പിരിറ്റ് സ്കൂളിൽ നടന്ന അനുശോചന യോഗത്തിൽ വ്യക്തമാക്കി.
കോളജിലെ മെസ് ജീവനക്കാരനായിരുന്നു ജോസഫൈൻ. ഹോസ്റ്റലിലെ ജോലി കഴിഞ്ഞ് മടങ്ങവേ കഴിഞ്ഞ മേയ് മാസത്തിൽ ഈരാറ്റുപേട്ടയിൽ വെച്ച് ജോസഫൈന്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് കാലിനേറ്റ ഒടിവിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ട് മറികടക്കാൻ ലോറി യാത്ര നടത്തി ബിഷപ് പയ്യാനിത്തോട്ടത്തിലെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എത്തിയത് ലോറിയിലാണ്.
പാലായിൽ നിന്ന് പൂഞ്ഞാറിലേക്കുള്ള റോഡിൽ മൂന്നാനി ഭാഗത്ത് വെള്ളം ഉയർന്നതിനെ തുടർന്ന് കാർ ഉൾപ്പെടെയുള്ള സാധാരണ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വൈകിട്ട് 3 മണിക്ക് പയ്യാനിത്തോട്ടം സെന്റ് അൽഫോൻസ പള്ളിയിൽ എത്തേണ്ടിയിരുന്ന ബിഷപ്പിന് യാത്രയ്ക്കായി തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി പ്ലാത്തോട്ടമാണ് ലോറി സജ്ജീകരിച്ച് പാലാ ബിഷപ് ഹൗസിൽ എത്തിച്ചത്.
ഉച്ചകഴിഞ്ഞ് 2 മണിക്ക് ലോറിയിൽ പുറപ്പെട്ട ബിഷപ് 2.30ഓടെ പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തിൽ എത്തി.
അവിടെ നിന്നും കാർ മാർഗ്ഗം പയ്യാനിത്തോട്ടത്തിൽ എത്തിയ അദ്ദേഹം ചടങ്ങുകൾക്ക് ശേഷം തിരികെ പൂഞ്ഞാർ പള്ളിയിലെത്തി ലോറിയിൽത്തന്നെ ബിഷപ് ഹൗസിലേക്ക് മടങ്ങുകയും ചെയ്തു. മിലൻ കെ.
ഷിജുവിന്റെ സംസ്കാരം ഇന്ന് വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് മരണമടഞ്ഞ പേരൂക്കുന്ന് ഇന്ദിരാനഗർ കാട്ടാമ്പാക്കൽ മിലൻ കെ. ഷിജുവിന്റെ (11) സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.
ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. രാവിലെ 8 മണിക്ക് ഞാലിയാകുഴി എംജിഎം പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, ഉച്ചയ്ക്ക് 1.30-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ഷിജു കുര്യന്റെയും ഷൈനി തോമസിന്റെയും മകനാണ് മിലൻ.

