സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയിലും തുടര്‍ന്നുണ്ടായ അപകടങ്ങളിലും എട്ട് പേര്‍ക്ക് ജീവന് നഷ്ടമായി. മഴയുമായി ബന്ധപ്പെട്ട
വിവിധ അപകടങ്ങളില്‍ 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൂടാതെ എട്ട് പേരെ കാണാതായിട്ടുമുണ്ട്.
മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി 27 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതിനുപുറമേ 196 വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം തുറന്ന 209 ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ദുരിതപ്പെയ്ത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്.
മധ്യകേരളത്തില്‍ വെള്ളപ്പൊക്കം ബാധിച്ച പല മേഖലകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും ആവശ്യമായ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏത് ആവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാരും വിവിധ വകുപ്പുകളും പൂര്‍ണ്ണ സജ്ജമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് നടപടികളും വേഗത്തിലാക്കുന്നതിനായി ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നു.
ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ.
ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെയെല്ലാം കീഴില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി ഏകോപിപ്പിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

