അരൂർ ദേശീയപാത ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തടസ്സങ്ങൾ നീങ്ങിത്തുടങ്ങി. അരൂർ ശ്രീനാരായണ നഗറിനു സമീപം വൈകി നിന്നിരുന്ന പില്ലർ 25, 26, 27 എന്നിവയ്ക്കു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്.
ഈ തൂണുകൾക്കിടയിലുള്ള ഭാഗത്താണ് ഇനി പ്രധാനപ്പെട്ട നിർമാണ ജോലികൾ ബാക്കിയുള്ളത്.
മൂന്ന് തൂണുകൾക്ക് ഇടയിലായി ആകെ 14 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ച്, അതിനുമുകളിലായുള്ള പാതയുടെ കോൺക്രീറ്റിങ് ജോലികൾ പൂർത്തീകരിക്കേണ്ടതുണ്ട്. പകലും രാത്രിയുമായി രണ്ട് വലിയ ക്രെയിനുകളുടെ സഹായത്തോടെയാണ് ഗർഡറുകൾ ഘടിപ്പിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നത്.
ഇതിൽ പില്ലർ നമ്പർ 26-ൽ 6 ഗർഡറുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ശേഷിക്കുന്ന ഒരു ഗർഡർ ശനിയാഴ്ച സ്ഥാപിക്കും.
കൂടാതെ, ഒരാഴ്ചയ്ക്കുള്ളിൽ മറ്റ് 7 ഗർഡറുകൾ കൂടി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഈ പ്രവൃത്തികൾക്ക് ശേഷം മേൽപാലത്തിലെ വാർക്കൽ, ടാറിങ് തുടങ്ങിയ അന്തിമ ജോലികൾ ആരംഭിക്കും.
കനത്ത മഴയേയും രൂക്ഷമായ ഗതാഗത തടസ്സങ്ങളേയും അതിജീവിച്ചാണ് ആധുനിക യന്ത്രസാമഗ്രികളുടെയും വിദഗ്ധ തൊഴിലാളികളുടെയും സഹായത്തോടെ നിർമാണം വേഗത്തിൽ മുന്നോട്ടുപോകുന്നത്. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ വൈകാൻ പ്രധാന കാരണം 110 കെ.വി വൈദ്യുത ലൈനുകൾ ഉയരപ്പാതയ്ക്ക് കുറുകെ കടന്നുപോയതായിരുന്നു.
എന്നാൽ ഇവിടെ ലൈനുകൾ ഉയർത്തിക്കൊണ്ട് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിച്ചു. ലൈനുകൾ താൽക്കാലികമായി നിർമിച്ച ടവറുകളിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.
ഒപ്പം നിലവിലുണ്ടായിരുന്ന ടവറുകൾ ഉയർത്തുന്ന പ്രവൃത്തികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കളമശേരിക്കും ആലപ്പുഴ പുന്നപ്രയ്ക്കും ഇടയിൽ വൈദ്യുതി കൈമാറ്റം ചെയ്യുന്ന ഈ ലൈൻ പകരം കേബിളുകൾ സ്ഥാപിച്ചാണ് അഴിച്ചുമാറ്റിയത്.
പശ്ചിമ കൊച്ചിയിലും ചേർത്തലയിലുമടക്കം വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായി താൽക്കാലിക ടവറുകൾ സ്ഥാപിച്ച് എമർജൻസി റീസ്റ്റോറേഷൻ സിസ്റ്റം നടപ്പിലാക്കുകയാണുണ്ടായത്. ഇതിനായി ഇരുവശങ്ങളിലുമായി ആകെ 17 താൽക്കാലിക ടവറുകൾ നിർമിച്ചാണ് വൈദ്യുതി കേബിൾ സുരക്ഷിതമായി സ്ഥാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

