മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ ബിജെപിയിലേക്ക് ക്ഷണിച്ചുവെന്ന വെളിപ്പെടുത്തലിൽ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ആഞ്ഞടിച്ചത്.
ആദ്യം ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ ഉപയോഗിച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് അദ്ദേഹത്തെ അമ്പയറാക്കുകയും, തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് ചുമതല ഏൽപ്പിക്കുകയും ചെയ്തുവെന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.
ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. ‘ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ’ എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നും, ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തെന്നുമാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്.
എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 2016ൽ ദില്ലി വിമാന യാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം നടന്നത്.
ഗ്യാനേഷ് കുമാർ അല്ലല്ലോ ഇത്തരമൊരു ഓഫർ വെക്കേണ്ടതെന്നും, അദ്ദേഹത്തിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ കൂട്ടിച്ചേർത്തു. താൻ സർവീസിൽ ഇരിക്കെയാണ് ഗ്യാനേഷ് കുമാർ ഇത്തരമൊരു ക്ഷണം മുന്നോട്ടുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

