കോട്ടയം നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കർശന നടപടികൾ ആലോചിക്കുന്നു. നഗരത്തിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതു നിരോധിക്കുന്നതിനുള്ള സാധ്യതയാണ് പ്രധാനമായും പരിശോധിക്കുന്നത്.
നിലവിൽ സർവീസ് നടത്തുന്ന ബസുകളും, സ്കൂൾ ബസുകളും ഒഴികെയുള്ള ഭാരവാഹനങ്ങൾക്ക് ഈ സമയപരിധിയിൽ നഗരറോഡുകളിൽ വിലക്കേർപ്പെടുത്തിയാൽ ഗതാഗതക്കുരുക്കിന് വേഗത്തിൽ പരിഹാരം കണ്ടെത്താനാകുമെന്നാണ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിന്റെ വിലയിരുത്തൽ. നഗരത്തിലേക്ക് പ്രവേശനം ആവശ്യമില്ലാത്ത ചരക്കുവാഹനങ്ങൾ മണർകാട് -തിരുവഞ്ചൂർ-പട്ടിത്താനം ബൈപ്പാസ് വഴിയായും മറ്റും വഴിതിരിച്ചുവിടുക, കണ്ടെയ്നർ ലോറികളുടെ നഗരപ്രവേശനത്തിന് കൃത്യമായ സമയം നിശ്ചയിക്കുക, അനധികൃത പാർക്കിങ് കർശനമായി തടയുക തുടങ്ങിയ നിർദ്ദേശങ്ങളും യോഗം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഈ ക്രിസ്മസ് സീസണോടെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സിമന്റ് ജംഗ്ഷൻ- പാറേച്ചാൽ- തിരുവാതുക്കൽ, വടവാതൂർ ബണ്ട് റോഡ് എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തിയായ പണികൾ വേഗത്തിലാക്കി ഗതാഗതം വഴിതിരിച്ചുവിടാൻ സജ്ജമാക്കണം.
എംസി റോഡിലെ വാഹനത്തിരക്ക് ലഘൂകരിക്കുന്നതിനായി ഈരയിൽക്കടവ് ബൈപ്പാസ് ചിങ്ങവനം വരെ നീട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്. ഇതിനായി 650 മീറ്റർ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും സ്പീക്കർ അറിയിച്ചു.
കഞ്ഞിക്കുഴി ജംഗ്ഷനിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി തൂണുകളും ട്രാൻസ്ഫോർമറുകളും മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. പുതിയ ട്രാഫിക് പരിഷ്കരണങ്ങൾ വിലയിരുത്തുന്നതിനായി ഓഗസ്റ്റ് പതിനഞ്ചിനുശേഷം വീണ്ടും യോഗം ചേരുമെന്നും അധികൃതർ അറിയിച്ചു.
നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ പഠിക്കാൻ ജൂൺ ആദ്യവാരം ചേർന്ന സമിതിയുടെ റിപ്പോർട്ടിന്റെ തുടർച്ചയായാണ് ഈ യോഗം ചേർന്നത്. ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ആർടിഒ, പൊതുമരാമത്ത് വകുപ്പ് എക്സിക്ൂട്ടീവ് എൻജിനീയർ, കെഎസ്ഇബി, ദേശീയപാത അതോറിറ്റി, കോട്ടയം മുനിസിപ്പാലിറ്റി എന്നിവരുടെ പ്രതിനിധികളുള്ള സമിതിയായിരുന്നു നഗരം സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കലക്ടർ ചേതൻ കുമാർ മീണ, മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

