കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ഹോം നഴ്സില്‍ നിന്നും ലക്ഷ്യ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പ്രസവവാര്‍ഡില്‍ ഡ്യൂട്ടിക്കെത്തിയ കാസര്‍കോട് സ്വദേശിനിയായ അശ്വതിയാണ് പിടിയിലായത്.
രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 56.59 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഒരു കുപ്പിയില്‍ 29 ഗ്രാമും മറ്റേതില്‍ 27.59 ഗ്രാമും ലഹരിമരുന്നാണ് ഉണ്ടായിരുന്നത്.
വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവതിയുടെയും കൂട്ടിരിപ്പുകാരിയുടെയും അസ്വാഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് കൂട്ടിരിപ്പുകാര്‍ വിവരം ആശുപത്രി അധികൃതരെയും തുടര്‍ന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് എത്തിച്ചു കൊടുക്കാനാണ് ഇത് കൈവശം വെച്ചതെന്നാണ് പ്രതിയുടെ മൊഴി. ജയിലില്‍ നിന്നും വൈദ്യപരിശോധനയ്ക്കായി ആശുപത്രികളില്‍ എത്തിക്കുന്ന തടവുകാര്‍ വഴി ഇത് അകത്തേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ ജയിലിലേക്ക് ലഹരിമരുന്ന് കടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയായ അശ്വതിയുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഒന്നും നിലവിലില്ല.
തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

