ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണം പണയംവെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കിനാലൂർ സ്വദേശിയായ സബീറിനെ (42) ആണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ബാലുശ്ശേരിയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി പല ഘട്ടങ്ങളിലായി എട്ട് ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. 2025 മാർച്ച്, നവംബർ മാസങ്ങളിലും ഇക്കഴിഞ്ഞ ജൂണിലുമായാണ് സബീർ സ്ഥാപനങ്ങളിൽ സ്വർണം പണയംവെച്ചത്.
യഥാർത്ഥ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി വ്യാജ സ്വർണാഭരണങ്ങളിൽ 916 മുദ്ര പതിപ്പിച്ചിരുന്നു. പട്ടാമ്പി ഇൻവെസ്റ്റ്മെന്റ്, പനങ്ങാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്.
പട്ടാമ്പി ഇൻവെസ്റ്റ്മെന്റിൽ നിന്ന് 35.7 ഗ്രാം വ്യാജ സ്വർണം പണയംവെച്ച് മൂന്നര ലക്ഷം രൂപയും, പനങ്ങാട് സർവ്വീസ് സഹകരണ സൊസൈറ്റിയിൽ 52 ഗ്രാമിന്റെ ഏഴ് വളകൾ രണ്ട് തവണകളിലായി പണയംവെച്ച് 4,89,000 രൂപയും ഇയാൾ കൈക്കലാക്കി. സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
തുടർന്ന് സ്ഥാപന അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് കേസെടുക്കുകയായിരുന്നു. സബീറിന്റെ പേരിൽ ഇതിനുമുമ്പും സമാനമായ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

