തമിഴ്നാട്ടിലെ കോളേജിൽ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മലയാളി ചെയർമാൻ അറസ്റ്റിൽ. കൊല്ലം പുനലൂർ നരിക്കൽ സ്വദേശി പി.വി.ബിനു ആണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്.
വിദ്യാർത്ഥിനിയുടെ മാതാവ് തെങ്കാശി ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ ഇന്നലെയാണ് കേരളത്തിലെത്തി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി തെങ്കാശിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ച വേളയിൽ പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഇയാളെ ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
തെങ്കാശി ജില്ലയിലെ പൻപൊഴിയ്ക്ക് സമീപമുള്ള സെൻറ് മേരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ മേധാവിയാണ് പിടിയിലായ ബിനു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം വാങ്ങിനൽകിയ ശേഷമായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയതെന്നാണ് വിവരം.
ഈ സ്ഥാപനത്തിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. വരും ദിവസങ്ങളിൽ പ്രതിക്കെതിരെ സമാനമായ നിരവധി ലൈംഗിക പീഡന പരാതികൾ കൂടി പൊലീസിന് ലഭിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പുനലൂരിലുള്ള ഒരു യുവ രാഷ്ട്രീയ നേതാവും നിലവിൽ പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുള്ള ചില സെലിബ്രിറ്റികളിലേക്കും വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന മറ്റ് വിവരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

