കൊച്ചി: നാല് ദിവസം മുൻപ് ആലുവ ആലങ്ങാട് കരുമാലൂരിൽ നിന്ന് കാണാതായ 12 വയസ്സുകാരിക്കൊപ്പമുണ്ടായിരുന്ന യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി. കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യൻ തറ വീട്ടിൽ അഭിജിത് (25) ആണ് പോക്സോ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം റിമാൻഡിലായത്.
2023ൽ ഓച്ചിറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരി കേസിൽ പ്രതി കൂടിയാണ് അഭിജിത്. ഇയാളുടെ ഡൽഹിയിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച പൂണെയിൽ നിന്നാണ് കുട്ടിയെ ഇയാളുടെ ഒപ്പm കണ്ടെത്തിയത്. തുടർന്ന് കുട്ടിയിൽ നിന്ന് രഹസ്യമൊഴിയെടുത്ത ശേഷം വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കരുമാലൂർ സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. കൂട്ടുകാരിയിൽ നിന്ന് പുസ്തകം വാങ്ങാനെന്നു പറഞ്ഞുപോയ കുട്ടി വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആലുവ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതേത്തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊർജിത പരിശോധനയിലാണ് പൂണെയിൽ നിന്ന് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. യുവാവിന്റെ നിർദേശപ്രകാരം പെൺകുട്ടി തന്റെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്തിരുന്നു.
എന്നാൽ ഫോൺ ഇടയ്ക്ക് ഓൺ ചെയ്തപ്പോൾ കാസർകോട്, മംഗലാപുരം, മുംബൈയിലെ ധാരാവി എന്നിവിടങ്ങളിലാണ് ലൊക്കേഷൻ കാണിച്ചതെന്ന് സൈബർ പൊലീസ് കണ്ടെത്തി. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൂണെ ഭാഗത്തേക്കാണ് പോയതെന്നും നിസാമുദ്ദീൻ എക്സ്പ്രസിലാണ് യാത്രയെന്നും മനസ്സിലാക്കാനായത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാവും കുട്ടിയും പരിചയപ്പെടുന്നത്.
അഭിജിത്തിന്റെ സുഹൃത്ത് ഡൽഹിയിൽ ഉണ്ടെന്ന് പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഡൽഹിയിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
കാർ മാർഗം പൂണെയിൽ നിന്ന് പുറപ്പെട്ട എസ്ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെയാണ് ആലങ്ങാടിൽ തിരിച്ചെത്തിയത്.
തുടർന്ന് അഭിജിത്തിനെ ചോദ്യം ചെയ്യുകയും കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചെറായി അടക്കം സമീപ പ്രദേശങ്ങളിലെ ബീച്ചുകളിൽ ഐസ്ക്രീം വ്യാപാരം നടത്തിവരികയാണ് അഭിജിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

