കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ രണ്ട് കിലോ എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെക്കൂടി പോലീസ് പിടികൂടി.
നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, നഴ്സിങ് വിദ്യാർത്ഥിനിയായ മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരെയാണ് നോയിഡയിലെ ഫ്ലാറ്റിൽ നിന്നും കോഴിക്കോട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഈ ലഹരിക്കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി ഉയർന്നു.
ആവശ്യക്കാരിൽനിന്ന് പണം മുൻകൂറായി വാങ്ങിയ ശേഷം ആവശ്യാനുസരണം എംഡിഎംഎ എത്തിച്ചുനൽകുന്ന രീതിയാണ് പ്രതികൾ പിന്തുടർന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരുടെ പക്കൽനിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, വിവിധ ബാങ്കുകളുടെ ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, നോട്ടെണ്ണൽ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവയും അന്വേഷണ സംഘം കണ്ടെടുത്തു.
ബെംഗളൂരുവിൽ നഴ്സിങ് കോഴ്സിന് ചേർന്നെങ്കിലും, ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിലാണ് സൂര്യ താമസിച്ചിരുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇരുവരും ചേർന്ന് കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മൂന്നുമാസം മുൻപാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് ഒരുകിലോ എംഡിഎംഎയുമായി മൂന്ന് പ്രതികൾ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടർ അന്വേഷണമാണ് നിർണായക വഴിതിരിവിലേക്ക് എത്തിയത്.
നേരത്തെ അറസ്റ്റിലായവരുടെ മൊബൈൽ ഫോൺ രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയാണ് സൂര്യയിലേക്കും അജ്മലിലേക്കും എത്താൻ പോലീസിനെ സഹായിച്ചത്. ലഹരിമരുന്ന് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട
കൂടുതൽ കണ്ണികളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

