കൊച്ചി നഗരത്തിൽ കശുവണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്ത്.
കേസിലെ ഒന്നാം പ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്ടറുമായ കെ.എ.രതീഷ് ഇപ്പോഴും മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിമർശനം ഉയർന്നിട്ടുള്ളത്. ഗുരുതരമായ അഴിമതിക്കേസിൽ പ്രതിയായി നിൽക്കുന്ന ഒരാളെ എങ്ങനെയാണ് നിർണായക പദവികളിൽ തുടരാൻ അനുവദിക്കുന്നതെന്ന് സർക്കാർ ഗൗരവമായി ചർച്ച ചെയ്യണമെന്ന് ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് (കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്) മാനേജിങ് ഡയറക്ടർ, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തുടങ്ങിയ ചുമതലകളിൽ കെ.എ.രതീഷ് ഇപ്പോഴും തുടരുകയാണെന്നാണ് ഹർജിക്കാരനായ കെ.എം.ഷാജഹാൻ കോടതിയിൽ വാദിച്ചത്. ഗുരുതരമായ അഴിമതി കേസിലെ പ്രതിയും സിബിഐക്ക് സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുള്ളതുമായ വ്യക്തി ഇത്തരം പദവികളിൽ തുടരാൻ അർഹനല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
തുടർന്നാണ് വിഷയം ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചത്. അഴിമതിക്കാരെയാണോ ഇത്തരം സ്ഥാനങ്ങളിൽ ഇരുത്തുന്നതെന്നും ഇത്തരം പദവികൾ വീണ്ടും അഴിമതി നടത്താൻ സാധ്യതയുള്ളവയാണോ എന്നും കോടതി വാക്കാൽ ചോദിച്ചു.
തുടർന്ന് ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനും സിബിഐക്കും കോടതി നോട്ടിസ് അയച്ചു. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നുയെന്നും ഇത് കോർപറേഷന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പ്രതികൾക്കെതിരെ സിബിഐ റജിസ്റ്റർ ചെയ്തിട്ടുള്ള കേസ്.
ഈ കേസിൽ കെ.എ.രതീഷ് ഒന്നാം പ്രതിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സിബിഐ അനുമതി തേടിയെങ്കിലും സർക്കാർ ആദ്യം തയ്യാറായിരുന്നില്ല.
പിന്നീട് കോടതിയുടെ ശക്തമായ ഇടപെടലുകളും കോടതിയലക്ഷ്യ നടപടികളിലേക്കുള്ള നീക്കങ്ങളും ഉണ്ടായ ശേഷമാണ് പുതിയ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാൻ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

