പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും അര ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾക്കും ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. മൂന്നാർ പഞ്ചായത്ത് ആണ് ഇതുസംബന്ധിച്ച കർശന തീരുമാനമെടുത്തത്.
ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ കണ്ടെത്താൻ പ്രത്യേകമായി ആറംഗ സ്ക്വാഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തെളിവുകൾ സഹിതം പഞ്ചായത്ത് അധികൃതരെ നേരിട്ട് വിവരമറിയിക്കാവുന്നതാണ്.
ഇത്തരത്തിൽ കൃത്യമായ വിവരം കൈമാറുന്നവർക്ക് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം പാരിതോഷികമായി നൽകുമെന്നും അധികൃതർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പൂർണ്ണ പിന്തുണയോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ വ്യക്തമാക്കി.
ഉപയോഗശേഷം വലിച്ചെറിയുന്ന അര ലീറ്ററിൽ താഴെയുള്ള ശുദ്ധജലക്കുപ്പികൾ, ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ഗ്ലാസുകൾ, സ്ട്രോ, ക്യാരി ബാഗുകൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും നിരോധനം ബാധകമാക്കിയിട്ടുള്ളത്. ഈ ഉത്തരവ് ലംഘിച്ച് ഇത്തരം സാമഗ്രികൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴയീടാക്കുന്നതിനൊപ്പം ട്രേഡ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൈവശം വെക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ ആദ്യ ഘട്ടത്തിൽ 10,000 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ രണ്ടാം തവണ 25,000 രൂപയും, മൂന്നാം തവണ 2.5 ലക്ഷം രൂപയുമാണ് പിഴ ഒടുക്കേണ്ടി വരിക.
കൂടാതെ, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കും 5,000 രൂപ പിഴ ചുമത്തും. ജൈവ, അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കാതെ പൊതുസ്ഥലങ്ങളിൽ തള്ളുന്നവർക്ക് 1,000 രൂപ മുതൽ 10,000 രൂപ വരെ പിഴയായി ഈടാക്കുമെന്നും പഞ്ചായത്ത് ഭരണകൂടം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

