നീലക്കുറിഞ്ഞി പൂത്ത മലനിരകൾ കുറിഞ്ഞി ഉദ്യാനമാക്കി മാറ്റാൻ തീരുമാനം. കുറിഞ്ഞിപ്പൂക്കൾ കാണാൻ എത്തുന്ന സഞ്ചാരികൾക്ക് പ്രദേശത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചു.
അപൂർവയിനത്തിൽ പെട്ട നീലക്കുറിഞ്ഞി പൂക്കൾ നേരിൽ കാണാനും ചിത്രങ്ങൾ പകർത്താനുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.
മുമ്പ് സഞ്ചാരികൾ ചെടികൾ വ്യാപകമായി നശിപ്പിച്ചതിനെ തുടർന്ന് നിക്ഷിപ്ത വന ഭൂമിയിലേക്കുള്ള പ്രവേശനം വനം വകുപ്പ് തടഞ്ഞിരുന്നു. തുടർന്ന് കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഇപ്പോൾ വീണ്ടും പ്രവേശനം അനുവദിച്ചിരിക്കുന്നത്.
മറ്റൊരു സ്ഥലത്ത് നിന്നും പറിച്ചു കൊണ്ടുപോയി വളർത്താൻ സാധിക്കാത്ത പ്രത്യേകതകളുള്ള സസ്യമാണിത്. പരാഗണം പൂർത്തിയാക്കി കൊഴിഞ്ഞു വീഴുന്ന സമയത്ത് മണ്ണിൽ നിക്ഷേപിക്കപ്പെടുന്ന വിത്തുകളാണ് പിന്നീട് പുതിയ ചെടികളായി മുളപൊട്ടുന്നത്.
കാട്ടുതീയെപ്പോലും അതിജീവിക്കാൻ കഴിയുന്ന പ്രത്യേക കരുത്തുള്ളവയാണ് കുറിഞ്ഞി വിത്തുകൾ. പ്രദേശത്ത് എത്തുന്ന സഞ്ചാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനായി വനം വകുപ്പ് ജീവനക്കാർ മൈക്ക് സജ്ജീകരിച്ചിട്ടുണ്ട്.
പാണ്ഡ്യാർ ജീൻപൂൾ ഗാർഡൻ, സൂചി മല, ചന്ദന മല കോഴിപാലം തുടങ്ങിയ സ്ഥലങ്ങളിലെ മൊട്ടക്കുന്നുകളിലും താഴ്വാരങ്ങളിലുമാണ് നീലക്കുറിഞ്ഞി ഇപ്പോൾ പൂത്തുനിൽക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശങ്ങളിൽ തുച്ഛമായ അളവിൽ മാത്രം പൂത്തിരുന്ന ചെടികളാണ് ഇപ്പോൾ മലനിരകളിൽ വ്യാപകമായി പൂത്തുലഞ്ഞിരിക്കുന്നത്.
പ്രകൃതി ഒരുക്കിയ ഈ അപൂർവ കാഴ്ച ആസ്വദിച്ചു മടങ്ങാമെങ്കിലും സസ്യങ്ങൾക്ക് യാതൊരുവിധ ഉപദ്രവവും ഉണ്ടാക്കരുതെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

