ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്ക് തിരശീല വീണെങ്കിലും കായികലോകത്ത് പുതിയ വിവാദങ്ങൾക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം ഇതിനോടകം തന്നെ ചർച്ചയായതാണ്.
ഇതിന് പിന്നാലെ ഫിഫയുടെ പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിനായി പുതിയ ഉപസ്ഥാപനം രൂപീകരിച്ച് അതിന്റെ ഓഹരികൾ വിൽക്കാനുള്ള ഇൻഫന്റിനോയുടെ തീരുമാനമാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ ഇടപാടിൽ ട്രംപിന്റെ അടുത്ത ബന്ധുവിന് പങ്കാളിത്തമുണ്ടെന്ന വിവരങ്ങളാണ് വിമർശനങ്ങളുടെ ആക്കം കൂട്ടുന്നത്.
ലക്ഷ്യം 40,000 കോടി രൂപ ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫയുടെ പ്രധാന മത്സരങ്ങളുടെ നടത്തിപ്പ് ചുമതലകൾക്കായി പ്രത്യേക ഉപസ്ഥാപനം രൂപീകരിച്ച്, അതിന്റെ 20 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് ഫിഫ പ്രസിഡന്റ് ലക്ഷ്യമിടുന്നത്. ഫിഫ ഫോർവേഡ് എന്റർപ്രൈസസ് (എഫ്എഫ്ഇ) എന്നാണ് ഈ പുതിയ ഉപസ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്.
ഈ ഓഹരി വിൽപനയിലൂടെ ഏകദേശം 420 കോടി ഡോളർ (ഏകദേശം 40,400 കോടി രൂപ) സമാഹരിക്കാനാണ് ഇൻഫന്റിനോ പദ്ധതിയിടുന്നത്. എഫ്എഫ്ഇക്ക് 2000 കോടി ഡോളർ (1.92 ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയായിരിക്കും ഈ വ്യാപാരം നടപ്പിലാക്കുക.
ട്രംപിന് പങ്കുണ്ടോ? ‘‘യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടന്ന ലോകകപ്പ് വാണിജ്യപരമായി വൻ വിജയമായിരുന്നു. ഈ വിജയം തുടരേണ്ടതുണ്ട്’’ – എന്നാണ് ഓഹരി വിൽപനയെ ന്യായീകരിച്ചുകൊണ്ട് ജിയാനി ഇൻഫന്റിനോ വ്യക്തമാക്കിയത്.
എന്നാൽ ഇൻഫന്റിനോയുടെ ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന നിക്ഷേപകരിൽ ഒരാൾ ത്രൈവ് ക്യാപിറ്റലിന്റെ ജോഷ്വ കുഷ്നറാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജേർഡ് കുഷ്നറിന്റെ സഹോദരനാണ് ജോഷ്വ കുഷ്നർ.
ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവാണ് ജേർഡ് കുഷ്നർ. എങ്കിലും ഈ ബിസിനസ്സ് ഡീലുമായി ഡോണൾഡ് ട്രംപിന് നേരിട്ട് ബന്ധമുള്ളതായി ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
യുവേഫയുടെ കടുത്ത എതിർപ്പ് ഫിഫയുടെ 37 അംഗ കൗൺസിലിലും 211 അംഗരാജ്യങ്ങൾക്കിടയിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചാൽ മാത്രമേ ഈ ഓഹരി വിൽപന യാഥാർത്ഥ്യമാകൂ. എന്നാൽ ഫുട്ബോൾ ലോകകപ്പ് വിൽപ്പനയ്ക്കുള്ളതല്ലെന്ന ശക്തമായ നിലപാടുമായി യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (യുവേഫ) ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
ഫിഫ തങ്ങളുടെ അധികാരപരിധിയുടെ സീമകൾ ലംഘിക്കുകയാണെന്നാണ് യുവേഫയുടെ കുറ്റപ്പെടുത്തൽ. മൂന്നാംകക്ഷികൾക്ക് ടൂർണമെന്റിൽ ഓഹരി പങ്കാളിത്തം ലഭിക്കുന്നത് ലോകകപ്പ് നടത്തിപ്പിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
‘‘ഇവിടെയാരും ഫുട്ബോളിന്റെ ഉടമകളല്ല. അത് വിൽക്കാൻ ഫിഫയ്ക്ക് പറ്റുകയുമില്ല’’ – എന്നാണ് യുവേഫയുടെ ഔദ്യോഗിക പ്രതികരണം വ്യക്തമാക്കുന്നത്.
ഫുട്ബോളിനെ സ്വന്തം താൽപ്പര്യങ്ങൾക്കും സുഹൃത്തുക്കളുടെ നേട്ടങ്ങൾക്കുമായി ഉപയോഗിക്കാൻ ഫിഫയെ അനുവദിക്കില്ലെന്നും സംഘടന വ്യക്തമാക്കി. അംഗരാജ്യങ്ങൾ, ക്ലബ്ബുകൾ, പ്രാദേശിക ലീഗുകൾ, കളിക്കാർ, ആരാധകർ എന്നിവരുടെ ക്ഷേമമാണ് എപ്പോഴും മുൻഗണനയാകേണ്ടതെന്നും യുവേഫ ഓർമ്മിപ്പിച്ചു.
വിറ്റഴിക്കാൻ വേൾഡ് കപ്പ് ഒരു ഉൽപന്നം അല്ല എന്ന നിലപാടാണ് യുകെ പ്രധാനമന്ത്രി ആൻഡി ബേണെം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. അതേസമയം, ഉയർന്ന വാണിജ്യമൂല്യം ഉറപ്പാക്കാനാണ് പുതിയ ഉപസ്ഥാപനം രൂപീകരിക്കുന്നതെന്നാണ് ഇൻഫന്റിനോയുടെ വിശദീകരണം.
ഓഹരി വിൽപനയ്ക്ക് അംഗരാഷ്ട്രങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശത്തോട് സഹകരിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക ഞെരുക്കങ്ങളെ നേരിടാൻ തയ്യാറായിക്കോളൂ എന്നും ഇൻഫന്റിനോ അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

