മുംബൈ ∙ സിജെപി പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന അഭിജീത് ദീപ്കെയ്ക്ക് എതിരെ വധഭീഷണിയുണ്ടായതായി പിതാവ് ഭഗവാൻറാവു ദീപ്കെ വെളിപ്പെടുത്തി. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മകനു ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഭഗവാൻറാവു ഈ വിവരങ്ങൾ പുറത്തുവിട്ടത്. മേയ് പകുതിയോടെ യൂട്യൂബിൽ വന്ന ഒരു റീലിലൂടെയാണ് ഭീഷണി തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഭഗവാൻറാവു വിശദീകരിച്ചു.
‘‘മേയ് 15, 16 അല്ലെങ്കിൽ 17 തീയതികളിലാണ് ഞങ്ങൾ യൂട്യൂബിൽ ആ റീൽ കാണുന്നത്. അവൻ ബിജെപി അംഗമായില്ലെങ്കിൽ, അവന്റെ മാതാപിതാക്കൾ എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമെന്നും അവരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആ വിഡിയോയിലെ ഉള്ളടക്കം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ന്യൂഡൽഹിയിൽ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം അഭിജീത് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ പശ്ചാത്തലത്തിലാണ് പിതാവിന്റെ ഈ വെളിപ്പെടുത്തൽ.
‘‘അവൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിനായി സ്വന്തം ജോലി പോലും അവൻ ത്യജിച്ചു.
താൻ നേടിയ വിദ്യാഭ്യാസം സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനു പകരം പൊതുജനങ്ങൾക്കായാണ് അവൻ വിനിയോഗിച്ചത്’’ – ഭഗവാൻറാവു പറഞ്ഞു. അതേസമയം, ഡൽഹിയിലെ സമരങ്ങൾക്കു ശേഷം നാട്ടിലെത്തിയ അഭിജീത്തിന് വളരെ ലളിതമായ രീതിയിലാണ് കുടുംബം സ്വീകരണമൊരുക്കിയത്.
അനാവശ്യമായ പ്രചാരണമോ ആഡംബരങ്ങളോ ഇഷ്ടപ്പെടാത്ത ആളാണ് അഭിജീത്തെന്നും, മുൻപ് സ്വന്തം ഗ്രാമം സന്ദർശിച്ചപ്പോഴും ഇത്തരം ആഘോഷങ്ങൾ അദ്ദേഹം വിലക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

