നീതിബോധമുള്ളതും പ്രതികരിക്കാൻ ശേഷിയുള്ളതുമായ ഒരു സമൂഹത്തിന് മാത്രമേ സുദൃഢമായ ഭരണ സംവിധാനങ്ങൾ രൂപീകരിക്കാൻ സാധിക്കൂ എന്ന് പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ‘പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ’ യുവജന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾ കലാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ആദ്യകാല സ്കിറ്റിലെ സംഭാഷണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നടൻ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ചുകൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. സമൂഹത്തിൽ അഴിമതിക്ക് ഇടനൽകാതെ ധൈര്യത്തോടുകൂടി മുന്നേറാൻ സാധിക്കുന്ന സാഹചര്യം ഒരുക്കുന്നതിനുള്ള സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് നിവിൻ പോളി വ്യക്തമാക്കി.
പുതുതലമുറയ്ക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജനപ്രിയ ചിത്രമായ ‘ആക്ഷൻ ഹീറോ ബിജു’വിലെ നിയമപാലകനായ കഥാപാത്രത്തെ അദ്ദേഹം ഈ വേളയിൽ അനുസ്മരിച്ചു.
നിയമത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനശിലയെന്നും, ആ വിശ്വാസം തകർന്നാൽ സമൂഹം തന്നെ അസ്തിത്വ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൈക്കൂലി നൽകുകയോ വാങ്ങുകയോ ചെയ്യുന്നത് മാത്രമല്ല യഥാർത്ഥ അഴിതിയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
മറ്റൊരാളുടെ അവസരങ്ങൾ ബോധപൂർവ്വം ഇല്ലാതാക്കുന്നതും, പണത്തിന്റെയോ അധികാരത്തിന്റെയോ സ്വാധീനം ഉപയോഗിച്ച് അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ മറ്റ് രൂപങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചാൽ ജീവിതത്തിൽ വിജയം നേടാനാവില്ലെന്ന തെറ്റായ പൊതുബോധം തിരുത്തിയെഴുതാൻ ഇത്തരം ബോധവത്കരണ പരിപാടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ പരീക്ഷകളിൽ കോപ്പിയടിക്കാതിരിക്കുക, അസത്യങ്ങൾ പറയാതിരിക്കുക, മറ്റുള്ളവരുടെ വിജയങ്ങളെ സന്തോഷത്തോടെ അംഗീകരിക്കുക, അധാർമികമായ വഴികളിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്നും ബോധപൂർവ്വം അകലം പാലിക്കുക തുടങ്ങിയ ഉത്തമ മൂല്യങ്ങൾ ഓരോരുത്തരും വളർത്തിയെടുക്കേണ്ടതുണ്ട്. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമയിലെ രംഗങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട്, തെറ്റായ രീതിയിലേക്ക് വഴിനടത്തുന്ന സുഹൃത്തുക്കളെ കൃത്യമായി തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം യുവജനങ്ങളെ ഓർമ്മിപ്പിച്ചു.
ഇന്നത്തെ യുവതലമുറ എല്ലാ കാര്യങ്ങളെയും നിശിതമായി ചോദ്യം ചെയ്യുകയും അതിനുള്ള കൃത്യമായ തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെക്കൊണ്ട് പല കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കുന്ന സ്വന്തം മകന്റെ അനുഭവം ഉദാഹരണമായി പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള ആരോഗ്യകരമായ ചോദ്യം ചെയ്യലുകൾ ഭരണ സംവിധാനങ്ങളെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവയാക്കി മാറ്റുമെന്നും അഴിമതിയെ വേരോടെ പിഴുതെറിയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നിലനിൽക്കുന്ന അഴിമതി പ്രവണതകൾക്കെതിരെ യുവജനങ്ങൾ യാതൊരു ഭയവുമില്ലാതെ പ്രതികരിക്കണമെന്നും, അത്തരം സന്ദർഭങ്ങളിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നും സമ്പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

