രാജ്യാന്തര അസംസ്കൃത എണ്ണവിലയുടെ ചലനങ്ങൾക്ക് അനുസൃതമായി വില നിർണ്ണയം നടത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർത്തി. ഫെഡറൽ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം പെട്രോളിന് 1.55 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇതോടെ പെട്രോൾ വില ലീറ്ററിന് 335.81 രൂപയായി (ഏകദേശം 114 ഇന്ത്യൻ രൂപ) ഉയർന്നു. അതുപോലെ ഡീസൽ വില 1.63 രൂപ കൂട്ടി 388.38 രൂപയായാണ് (ഏകദേശം 133 ഇന്ത്യൻ രൂപ) പുനർനിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ തിരുവനന്തപുരം നഗരത്തിലെ കണക്കുപ്രകാരം പെട്രോളിന് 104.40 രൂപയും ഡീസലിന് 115.49 രൂപയുമാണ് ഈടാക്കുന്നത്. ദിനംപ്രതിയുള്ള ഇന്ധനവില പരിഷ്കരണ നടപടികൾ പിൻവലിക്കുക, ഡീലർമാരുടെ കമ്മിഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി പമ്പുകൾ അടച്ചിട്ടുള്ള സമരത്തിന് പാക്കിസ്ഥാനിലെ പെട്രോൾ പമ്പുടമകൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 15,000-ൽ അധികം പമ്പുകൾ സമരത്തിന്റെ ഭാഗമായി അടച്ചിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും, പമ്പുടമകൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചുകൊണ്ട് സർക്കാർ സമരം പരാജയപ്പെടുത്തുകയായിരുന്നു. ഒരു വിഭാഗം സമരത്തിൽ നിന്ന് പിന്മാറിയപ്പോൾ മറുവിഭാഗം മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കും പിന്നാലെ ചെങ്കടലും അടച്ചുപൂട്ടിയതുവഴി പാക്കിസ്ഥാനിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി പ്രതിസന്ധിയിലായിട്ടുണ്ട്. ഈ ഇന്ധനക്ഷാമം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് പാക്കിസ്ഥാൻ നേരത്തെ തന്നെ പെട്രോൾ വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സർക്കാർ വാഹനങ്ങളുടെ ഇന്ധന അനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൂടാതെ, കറാച്ചി ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങൾ കടുത്ത എൽപിജി ക്ഷാമത്തിന്റെ പിടിയിലുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

