അധ്യാപകരുടെ നേതൃത്വത്തിലുള്ള ലഹരിവ്യാപാര കേസിൽ അന്വേഷണം ശക്തമാകുന്നതിനിടയിൽ നിർണായക അറസ്റ്റ്. ചെങ്ങരോത്ത് ഓട്ടിസം സെന്ററിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായ പേരാമ്പ്ര ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മയാണു പൊലീസിന്റെ പിടിയിലായത്.
ഇതോടെ ഈ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി ഉയർന്നു. പിടിയിലായ മൂവരും ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടയിൽ കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവും പൊലീസിന്റെ വലയിലായിട്ടുണ്ട്. പ്രതികളായ മൂവരും പേരാമ്പ്ര ബി.ആര്.സിയിലെ താത്കാലിക അധ്യാപികമാരായി ജോലി ചെയ്തുവരികയായിരുന്നു.
മുമ്പ് കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു. കീർത്തനയ്ക്കും കാവ്യയ്ക്കും പിന്നാലെ നീഷ്മ കൂടി അറസ്റ്റിലായതോടെ പേരാമ്പ്ര ബി.ആര്.സിയിലെ മറ്റ് അധ്യാപികമാരുടെ സംശയങ്ങൾ ശരിവെയ്ക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
ഇവർ മൂവരും പേരാമ്പ്ര ബിആര്‍സിയിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നവരാണ്. ഓട്ടിസം ബാധിച്ച വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപികയും അധ്യാപികമാരെ പരിശീലിപ്പിക്കുന്ന ട്രെയിനറുമാണ് നീഷ്മ.
അറസ്റ്റിന്റെ പശ്ചാത്തലത്തിൽ കരാര്‍ ജീവനക്കാരിയായ നീഷ്മയേയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അധ്യാപികമാർ ഇടനിലക്കാരായാണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ലഹരി ആവശ്യമുള്ളവർ മൂവര്‍ സംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയാണ് പതിവ്. തുടർന്ന് എംഡിഎംഎ സൂക്ഷിച്ചിരിക്കുന്ന ഒളിത്താവളത്തിലേക്കുള്ള വഴി ഗൂഗിൾ മാപ്പ് വഴി ഇവർ വാഹനം ഓടിക്കുന്നവർക്കും ആവശ്യക്കാർക്കും അയച്ചുകൊടുക്കുമായിരുന്നു.
ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചായിരുന്നു അധ്യാപികമാർ ഈ ഇടപാടുകൾ നടത്തിയിരുന്നത്. മയക്കുമരുന്ന് വിറ്റ് കിട്ടിയിരുന്ന തുക മൂവരും ചേർന്ന് പങ്കിട്ടെടുത്തിരുന്നു.
ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘങ്ങളുമായും പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് അധ്യാപികമാരുമായും ബന്ധമുള്ള കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ യുവാവും നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.
അധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ച പൊലീസ് കോടികളുടെ സാന്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ലഹരി വിൽപനയുടെ പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയതാണ് അവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 5 മാസത്തിനിടെ 9 ലക്ഷം രൂപയുമാണ് ഈ രീതിയിൽ എത്തിച്ചേർന്നത്. ഫുഡ് ഡെലിവെറിയുടെ മറവിലും പ്രതികൾ ലഹരി വിൽപ്പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബിആര്‍സിയിലേയും പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
പ്രതികൾക്ക് പണം അയച്ചുകൊടുത്തവരും കർശന നിരീക്ഷണത്തിലാണ്. എംഡിഎംഎ ആവശ്യക്കാര്‍ക്ക് നേരിട്ട് കൈമാറുന്ന വ്യക്തികളെ കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം.
കണ്ണൂര്‍ റേഞ്ച് ഡിഐജി വടകരയിലെത്തി ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

