ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽനിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം വീണത്.
ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. ഹസ്രത്ഗഞ്ചിലെ ‘ദാരൂൾ ഷഫ’ ന്യൂ എം.എൽ.എ റെസിഡൻസ് സമുച്ചയത്തിന് പിൻവശത്തെ കെട്ടിടത്തിനു മുകളിൽനിന്നും ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെയാണ് നാനകിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാനക് റാം ഭൂർജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
ഇദ്ദേഹം പലപ്പോഴും എം.എൽ.എ ക്വാർട്ടേഴ്സിന് ചുറ്റും കറങ്ങിനടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. നാനക് റാം താഴേക്ക് വീണ കെട്ടിടത്തിൽ അദ്ദേഹത്തിനു മുറി അനുവദിച്ചിരുന്നില്ലെന്നും എങ്ങനെ അവിടെ എത്തി, എന്തിന് എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
അപകടം സംഭവിച്ച സ്ഥലത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

