തിരുവനന്തപുരം ജില്ലയിലെ വിതുര മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ആദിവാസി ഉന്നതികളിൽ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുന്നു. ഓരോ ആക്രമണങ്ങൾ നടക്കുമ്പോഴും താൽക്കാലിക പരിഹാര മാർഗങ്ങൾ സ്വീകരിക്കുമെന്ന അധികൃതരുടെ പതിവ് വാഗ്ദാനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇത് ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രദേശത്ത് ആനക്കിടങ്ങുകളും സോളാർ വൈദ്യുതി വേലികളും സ്ഥാപിക്കുന്നതിൽ വനം വകുപ്പ് ഗുരുതരമായ ഉദാസീനത പുലർത്തുന്നുണ്ടെന്നാണ് പ്രധാന ആക്ഷേപം.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കരടി, കുരങ്ങ് എന്നിവയ്ക്ക് പുറമെ ചിലയിടങ്ങളിൽ പുലിയുടെ സാന്നിധ്യവും ജനങ്ങളിൽ ഭീതിപരത്തുന്നുണ്ട്. ഈ യാഥാർത്ഥ്യത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കല്ലാർ മൊട്ടമൂട് ഉന്നതിയിൽ അച്ഛനും മകൾക്കും നേരിടേണ്ടിവന്ന ദുരനുഭവം.
ട്യൂഷൻ സെന്ററിലേക്ക് മകളെ മോട്ടോർ സൈക്കിളിൽ കൊണ്ടുപോകവെ മുന്നിലെത്തിയ കാട്ടാന ബൈക്കിൽ തുമ്പിക്കൈ കൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മഹേഷും മകളും റോഡിന്റെ വശത്തെ കുഴിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഭാഗ്യവശാൽ പരുക്കുകൾ നിസാരമാണെങ്കിലും ഈ ആക്രമണത്തിൽ നിന്നുണ്ടായ മാനസികാഘാതവും ഭീതിയും ഇവർക്ക് ഇനിയുമേറെ കാലം നിലനിൽക്കും. വിതുര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
മൊട്ടമൂടിനു പുറമേ പൊടിയക്കാല, കുട്ടപ്പാറ, പച്ചവീട്, ഒരുപറ, ചെമ്പിക്കുന്ന്, അല്ലത്താര, തലത്തൂതക്കാവ്, മുരിക്കിൻകാല, വേങ്ങാത്താര, മണിതൂക്കി, തച്ചരുകാല, വലിയകാല, ചെമ്മാൻകാല, കല്ലുപാറ, കൊങ്ങൻമരത്തുംമൂട്, നാരകത്തിൻകാല, അറവലക്കരിക്കകം, ശാസ്താംപാറ, കല്ലുപാറ, ചെറു മണലി തുടങ്ങിയ പ്രദേശങ്ങളിലും വന്യമൃഗ ശല്യം അതീവ ഗൗരവകരമാണ്. വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇത്തരം പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ജനരോഷം ശക്തമാണ്.
പാട്ട കൊട്ടലും പടക്കം പൊട്ടിക്കലും പോലുള്ള പ്രാകൃത മാർഗങ്ങളാണ് ഇപ്പോഴും നാട്ടുകാർ ആശ്രയിക്കുന്നത്.
ഒഴിഞ്ഞ കുപ്പികൾ അടുത്തടുത്ത് കെട്ടിത്തൂക്കി അതിൽനിന്ന് കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഉപയോഗിച്ച് മൃഗങ്ങളെ തുരത്താൻ ശ്രമിക്കുന്ന അവസ്ഥപോലുമുണ്ട്. ഈ ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതവും ഫലപ്രദവുമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

