സംസ്ഥാനത്ത് ഇതരസംസ്ഥാനങ്ങളിൽനിന്ന് ഗർഭിണികളെ എത്തിച്ച് നവജാതശിശുക്കളെ വിൽപന നടത്തുന്ന സംഘത്തിന്റെ ക്രൂരതകൾ പുറത്തുവിട്ട് അതിജീവിത. കോട്ടയം ജില്ലയിലെ തീക്കോയിയിലുള്ള കേന്ദ്രത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട
ഇരുപത്തിരണ്ടുകാരിയായ അസം സ്വദേശിനിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. കുഞ്ഞുങ്ങളെ കൈമാറുന്നതിനായി മാഫിയ സംഘം പ്രവർത്തിക്കുന്ന രീതിയെക്കുറിച്ച് യുവതി വ്യക്തമാക്കിയിട്ടുണ്ട്.
‘ആർക്കു വേണ്ടിയാണോ പ്രസവിക്കുന്നത് അവരുടെ പേരിലാണ് ഗർഭിണികളെ ഇവർ ആശുപത്രിയിൽ പ്രവേശിപ്പടത്. സംഘത്തിലുള്ള അനിത അവിടെയുള്ള ഏതോ ആശുപത്രിയിൽ നഴ്സാണ്.
പ്രസവം കഴിഞ്ഞാൽ പണം നൽകി യഥാർഥ അമ്മമാരെ പറഞ്ഞുവിടും. കുഞ്ഞുങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഒരു വലിയ ഫയൽ അവിടെയുണ്ട്.
2 കട്ടിലും ഒരു ടിവിയും മാത്രമാണ് വീട്ടിൽ ഉള്ളത്. എന്നാൽ എല്ലാവരുടെ കയ്യിലും പ്രീമിയം സ്മാർട്ഫോണുകളാണ്.
വലിയ വീടാണെങ്കിലും ഭക്ഷണം പലപ്പോഴും പാഴ്സൽ വാങ്ങുകയാണ്. എപ്പോൾ വേണമെങ്കിലും വീട് ഒഴിയാമെന്ന മട്ടിലാണ് ജീവിതം.
രാത്രിയിലെ ഭക്ഷണത്തിൽ എന്തൊക്കെയോ ചേർക്കും’– യുവതി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് വഴി ബന്ധപ്പെട്ടാണ് സംഘം യുവതിയെ വലയിലാക്കിയത്.
കുട്ടിയെ ദത്ത് നൽകാനുള്ള എൻജിഒകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ തിരഞ്ഞപ്പോഴാണ് ‘അർഷിവ് കെയർ’ എന്ന അക്കൗണ്ടിലൂടെ കാർത്തിക് എന്നയാൾ ബന്ധപ്പെട്ടത്. സ്കാനിങ് റിപ്പോർട്ടുകളും മറ്റും പരിശോധിച്ചതിനു ശേഷം കോട്ടയത്തേക്കു വരുന്നതിനായി 2,000 രൂപയും ട്രെയിൻ ടിക്കറ്റും നൽകി.
‘കുട്ടിയെ വിൽക്കുകയല്ലായിരുന്നു ലക്ഷ്യം. ഏറ്റെടുത്തു വളർത്താൻ ഒരാളെ തേടുകയായിരുന്നു.
പണം അവരിങ്ങോട്ട് വാഗ്ദാനം ചെയ്തതാണ്. 3 ലക്ഷം രൂപയായിരുന്നു വാഗ്ദാനം.
പ്രസവത്തിന്റെ ചെലവും വഹിക്കും. പക്ഷേ, പ്രസവം കഴിയുമ്പോൾ കുഞ്ഞിനെ അവർക്കു കൊടുക്കണം.
കോട്ടയം വരെ ട്രെയിനിൽ വന്നു. കോട്ടയത്തുനിന്ന് കെഎസ്ആർടിസി ബസിൽ കയറി ഈരാറ്റുപേട്ടയിൽ ഇറങ്ങാനായിരുന്നു നിർദേശം.
അവിടെനിന്ന് എന്നെ ഓട്ടോറിക്ഷയിൽ തീക്കോയിയിൽ അവരെത്തിച്ചു’ എന്ന് യുവതി കൂട്ടിച്ചേർത്തു. പാലായ്ക്കടുത്ത് തീക്കോയിയിൽ റബർ തോട്ടത്തിനു നടുവിൽ ഒറ്റപ്പെട്ട
വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. 10 ദിവസം അവിടെ കഴിഞ്ഞു.
ഒഡീഷയിൽ നിന്നുള്ള 2 ഗർഭിണികൾ കൂടി അവിടെയുണ്ടായിരുന്നു. ‘എന്നെയും വിൽക്കുമോ എന്ന പേടിയിൽ ഞാൻ രേഖകളും ഫോണും ഒരു വിധത്തിൽ തിരികെ വാങ്ങി.
കുഞ്ഞിനെ തരില്ലെന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ തല്ലി. വലിയ പിച്ചാത്തി കൊണ്ടുവന്ന്, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
തുടർച്ചയായി ബഹളം വച്ചപ്പോൾ എന്നെ അവർ ഇറക്കിവിട്ടു. റോഡിലിറങ്ങി കുറെ നേരം നിന്നു.
ആ വഴിക്കു വന്ന ഒരു സ്ത്രീയോട് പൊലീസ് സ്റ്റേഷൻ എവിടെയെന്നു ചോദിച്ചു. അവർ പൊലീസുകാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
എനിക്കു പ്രസവിക്കണം. ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ ചിലപ്പോൾ ഭർത്താവിന്റെയും വീട്ടുകാരുടെയും എതിർപ്പ് മാറും’– യുവതി വ്യക്തമാക്കി.
യുവതിയെ പൊലീസ് താൽക്കാലികമായി പാർപ്പിച്ച ഗാന്ധിനഗർ ‘സാന്ത്വനം’ കേന്ദ്രത്തിന്റെ ഡയറക്ടർ ആനി ബാബു പ്രതികരിച്ചത് ഇങ്ങനെ:
‘ഇവിടെ വരുന്നവരോട് ഞങ്ങൾ കാര്യങ്ങൾ ചോദിച്ചറിയാറുണ്ട്. അങ്ങനെയാണ് ഈ യുവതിയോടും കാര്യങ്ങൾ അന്വേഷിച്ചത്.
എന്നാൽ അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞങ്ങൾ നടുങ്ങി. ഉടനെ തന്നെ ജില്ലാ പൊലീസ് മേധാവിക്കും ഈരാറ്റുപേട്ട
സ്റ്റേഷനിലേക്കും പരാതി നൽകി. പരാതി നൽകിയതിനു പിന്നാലെ സ്റ്റേഷനിലേക്കു വിളിച്ച് കാര്യം പറഞ്ഞു.
ഇവൾ പറഞ്ഞയാളുകൾ അവിടെനിന്നു കടന്നുകളയാൻ സാധ്യതയുണ്ട് എന്നതിനാലാണ് അങ്ങനെ ചെയ്തത്. പ്രസവത്തിനു ശേഷം തിരികെ പോകണമെന്നും ഇപ്പോൾ ഭർത്താവിന് ഒപ്പമുള്ള മകളെ കാണണമെന്നുമാണ് അവൾ പറയുന്നത്.’ സംഭവത്തിൽ കാർത്തിക്, അനിത, അർജുൻ, ഹർഷിത തുടങ്ങി കണ്ടാലറിയുന്ന 8 പേർക്കെതിരെയാണ് ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്.
പാലാ ഡിവൈഎസ്പിക്കാണ് നിലവിൽ അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

