സ്മാർട്ട്ഫോൺ വിപണിയിൽ ഫോൾഡബിൾ ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും, ഉയർന്ന വിലയും സാധാരണക്കാരുടെ പരിധിക്ക് അപ്പുറമുള്ളതും കാരണം ഇവയുടെ ഉപയോഗം ഇപ്പോഴും പരിമിതമാണ്. എന്നാൽ ഈ വെല്ലുവിളികൾക്കൊക്കെ ഇടയിലും പ്രമുഖ ബ്രാൻഡുകൾ ട്രൈഫോൾഡ് ഫോണുകളുടെ നിർമ്മാണവുമായി മുന്നോട്ട് പോവുകയാണ്.
സാങ്കേതികവിദ്യയുടെ വളർച്ചയും വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമാണ് കമ്പനികൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎസിൽ പരിമിതമായ എണ്ണത്തിൽ പുറത്തിറങ്ങിയ ഗാലക്സി ഇസഡ് ട്രൈഫോൾഡ് പെട്ടെന്ന് തന്നെ വിറ്റതീർന്നിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ പതിപ്പുമായി കമ്പനി വീണ്ടും എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സാംസങ്ങിന്റെ അടുത്ത ട്രൈഫോൾഡ് ഫോൺ 2027-ൽ വിപണിയിലെത്തുമെന്നാണ് സൂചന.
നിലവിൽ ഫോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്. ഡിസ്പ്ലേയുടെ വലിപ്പം ആദ്യ പതിപ്പിന് സമാനമായിരിക്കുമെന്നാണ് വിവരം.
ടാബ്ലെറ്റുകൾക്ക് തുല്യമായ സ്ക്രീൻ സ്പേസ് നൽകുന്നതിനാൽ മൾട്ടിടാസ്കിംഗിനും മീഡിയ ഉപയോഗത്തിനും ഇത് ഏറെ സഹായകരമാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഗാലക്സി ഇസഡ് ഫോൾഡ് അൾട്രാ, ഇസഡ് ഫോൾഡ്, ഇസഡ് ഫ്ലിപ്പ്, ഇസഡ് ട്രൈഫോൾഡ് എന്നിവയുൾപ്പെടെ നാല് ഫോൾഡബിൾ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർഷത്തിന്റെ ആദ്യ പകുതിയിലും ഗാലക്സി സീരീസിൽ പുതിയ ഫോണുകൾ എത്തും. ഇതിന്റെ ഭാഗമായി സാംസങ് ഗാലക്സി എസ്27 പ്രോ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിലുള്ള മോഡലുകളിൽ നിന്നും പ്രോ പതിപ്പ് എങ്ങനെ വ്യത്യസ്തമായിരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും സ്മാർട്ട്ഫോൺ ലോകത്ത് ഇതിനകം തന്നെ ചർച്ചകൾ സജീവമാണ്. മറ്റ് കമ്പനികളും സമാനമായ ഡിസൈനിലുള്ള ഫോണുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നുണ്ട്.
ആപ്പിളും സമാന രൂപകൽപ്പനയുള്ള ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. എങ്കിലും വിപണിയിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ ബ്രാൻഡും മുന്നോട്ട് പോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

