മാർക്സിസ്റ്റ് പാർട്ടിയിൽ വീണ്ടുമൊരു തിരുത്തൽ നടപടികൾ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ രംഗത്ത്.
മുൻപും സമാനമായ തിരുത്തലുകൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പാർട്ടി കൂടുതൽ പ്രതിസന്ധിയിലേക്കാണ് പോയതെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളിലും ത്രിപുരയിലും തിരിച്ചടികൾ നേരിട്ടെങ്കിലും കേരളത്തിൽ മാത്രമാണ് പാർട്ടി പിടിച്ചുനിന്നത്.
എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥിതി എന്താകുമെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുത്തൽ രേഖകൾ തയ്യാറാക്കാൻ എളുപ്പമാണെങ്കിലും യഥാർത്ഥ തിരുത്തൽ പ്രക്രിയ അത്ര ലളിതമല്ല.
താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾ പരിശോധിച്ചാൽ, മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ജനകീയവും ആകർഷകവുമായ ശൈലി ഇന്ന് പാർട്ടിക്കില്ല. പാർട്ടിയുടെ ഭരണഘടനയും നയങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നവരുടെ എണ്ണം വളരെ പരിമിതമായി ചുരുങ്ങിയിരിക്കുന്നു.
പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് നിലവിൽ പാർട്ടി സ്വീകരിക്കുന്നത്. തിരിച്ചടികൾ ഉണ്ടാകാനുള്ള യഥാർത്ഥ കാരണങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കാതെ തെറ്റായ വിശകലനങ്ങളും വ്യക്തിയധിക്ഷേപങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്.
ദേശീയ തലത്തിലും പാർട്ടി വലിയ തിരിച്ചടികളാണ് നേരിടുന്നത്. വരും നാടുകളിൽ രാജ്യസഭയിൽ പോലും പ്രാതിനിധ്യമില്ലാത്ത അവസ്ഥയാണ് വരാനിരിക്കുന്നത്.
പാർട്ടിയുടെ ചിഹ്നം പോലും നഷ്ടപ്പെടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ചും നേതൃത്വം ചിന്തിക്കണം. രണ്ടാംനിര നേതൃത്വത്തിന്റെ പ്രവർത്തനശൈലിയെയും അദ്ദേഹം ചോദ്യം ചെയ്തു.
സമരമുഖങ്ങളിലോ ആശയപരമായ തലങ്ങളിലോ തങ്ങളുടെ നേതൃഗുണം തെളിയിക്കാൻ പുതിയ നിരയ്ക്ക് കഴിഞ്ഞിട്ടില്ല. കെ.എൻ.
ബാലഗോപാലും പി. രാജീവുമൊക്കെ മന്ത്രിമാരായി പ്രവർത്തിച്ചിട്ടും ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടംനേടാൻ അവർക്കായില്ല.
പാർട്ടി അച്ചടക്കം പൂർണ്ണമായി ലംഘിക്കപ്പെടുന്ന പ്രവണതകൾ വർധിച്ചുവരികയാണെന്നും ജി. സുധാകരൻ കുറ്റപ്പെടുത്തി.
കമ്മ്യൂണിസം ആരെയും വ്യക്തിപരമായി അപമാനിക്കാനുള്ളതല്ല. എന്നാൽ ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്റെ കുടുംബത്തെ പോലും പരസ്യമായി അക്ഷേപിക്കുന്ന അവസ്ഥയുണ്ടായി.
ഇത്തരം കാര്യങ്ങൾ പാർട്ടിക്ക് വലിയ രീതിയിൽ ദോഷം ചെയ്യുന്നുണ്ട്. നിലവിൽ തെറ്റുകൾ തിരുത്താൻ ആരുമില്ലാത്ത സ്ഥിതിയാണെന്നും ആർക്കും എന്ത് സംസാരിക്കാമെന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ നേതാക്കൾ പോലും ഏഴാംതരം രീതിയിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും നടത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

