ലഹരി മാഫിയയുമായി യാതൊരുവിധ ചർച്ചയ്ക്കും സർക്കാരുമില്ലെന്നും, അവരുടെ സമ്പൂർണ്ണ ഉന്മൂലനാശമാണ് ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ ജാഗരൻ’ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോടിന്റെ മണ്ണിൽ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി സംസ്ഥാന അതിർത്തികളിൽ തൂഫാൻ സേനയെ വിന്യസിച്ചിട്ടുണ്ട്.
ലഹരി വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായി കാപ്പ (KAAPA) ചുമത്തുമെന്നും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം കാഞ്ഞങ്ങാട് വെച്ച് മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ കോരിച്ചൊരിയുന്ന മഴയിലും ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
അന്ന് തന്നെ സംസ്ഥാനത്തെ 14 ജില്ലകളിലും ലഹരി വിരുദ്ധ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മാഫിയയുടെ വേരറുക്കുമെന്നും തീരുമാനിച്ചിരുന്നു. സർക്കാർ അധികാരത്തിൽ വന്നതോടുകൂടി ‘ഓപ്പറേഷൻ തൂഫാൻ’ വഴിയാണ് ആ ലക്ഷ്യം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.
കാസർകോട് മേൽപറമ്പ് മൈലാട്ടിയിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു. പുറമെ ‘ക്ലീൻ കമ്പനി’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉള്ളിൽ വർണ്ണക്കടലാസിൽ പൊതിഞ്ഞ ലഹരി മിഠായികളാണ് കണ്ടെത്തിയത്.
വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ ലക്ഷ്യമിട്ട ഈ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിൽ നാല് പേർ ഇപ്പോൾ ജയിലിലാണ്. ‘ഓപ്പറേഷൻ തൂഫാനെ’ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് അമ്മമാരാണ്.
അമ്മമാർ ദിവസേന അയക്കുന്ന കത്തുകളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും തങ്ങൾക്ക ലഭിക്കുന്ന പിന്തുണ വലുതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ കുപ്രസിദ്ധമായ മാഫിയ സംഘങ്ങൾ സ്വന്തമായി മാരക ലഹരി ഉപയോഗിക്കാറില്ല.
സ്വന്തം വീട്ടിൽ ലഹരി ഉപയോഗിക്കാതെ മറ്റുള്ളവർക്ക് നൽകി, അവരുടെ ഭാവി നശിപ്പിച്ച് കോടീശ്വരന്മാർ ആകുന്ന രീതിയാണ് പല മയക്കുമരുന്ന് കച്ചവടക്കാരും പിന്തുടരുന്നത്. ഈ യാഥാർത്ഥ്യം സമൂഹം തിരിച്ചറിയണം.
ചടങ്ങിൽ പങ്കെടുത്ത രാജ്മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കവേ, ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് കച്ചവടക്കാർക്ക് പേടിസ്വപ്നമായി മാറിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കാവൽക്കാരായ ഭാവി തലമുറയെ സുരക്ഷിതമാക്കാൻ ലഹരിയെ സമൂഹത്തിൽ നിന്ന് പൂർണ്ണമായും വേരോടെ പിഴുതെറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

