മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ ക്രൂരമായ കയ്യേറ്റം. മദ്യലഹരിയിലായിരുന്ന യുവാവാണ് പൊലീസുകാരനെ അദ്ദേഹത്തിന്റെ സ്വന്തം ലാത്തി ഉപയോഗിച്ച് മർദിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. ഖഡക്പാഡ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗണേഷ് ചവാൻ ആണ് ആക്രമണത്തിനിരയായത്.
രാത്രി സമയത്ത് അടിയന്തര സഹായം അഭ്യർത്ഥിച്ച് ഒരു സ്ത്രീ നൽകിയ ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയത്. ഇവിടെയെത്തിയപ്പോഴാണ് പ്രതിയും പൊലീസുകാരനും തമ്മിൽ വാക്കേറ്റമുണ്ടായത്.
തർക്കം രൂക്ഷമായതോടെ പ്രതി പൊലീസുകാരന്റെ കൈയിലുണ്ടായിരുന്ന ലാത്തി ബലമായി പിടിച്ചെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റതായാണ് വിവരം.
പുറത്തുവന്ന ദൃശ്യങ്ങളുടെ തുടക്കത്തിൽ പ്രതി ഉദ്യോഗസ്ഥന്റെ കോളറിന് പിടിച്ച് വലിക്കുന്നതും മുഖത്ത് അടിക്കുന്നതും വ്യക്തമാണ്. ഈ സമയം മറ്റ് പൊലീസുകാരെ സ്ഥലത്ത് കാണാനില്ലെങ്കിലും, വീടിന് പുറത്ത് ഏതാനും ആളുകൾ നോക്കിനിൽക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
രാഹുൽ തയാഡെ എന്നയാളാണ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതും പ്രതി തുടർച്ചയായി ലാത്തി വീശുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സംഭവത്തെ തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുസേവകനെ ആക്രമിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡ്യൂട്ടിക്കിടെ പൊലീസുകാർക്ക് പോലും സുരക്ഷയില്ലെന്ന ആശങ്കയാണ് ഈ സംഭവത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

