ഒടുവിൽ കോടതി പറഞ്ഞു; രമേശൻ കള്ളനല്ല!. കണ്ണീരും അപമാനവും നിറഞ്ഞ 7 വർഷങ്ങളുടെ ഓർമയിൽ രമേശൻ ആശ്വാസത്തോടെ ചിരിക്കുന്നു.
വയോധികയുടെ മാല മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തിൽ 47 ദിവസം റിമാൻഡിൽ കഴിയേണ്ടി വന്ന ചെട്ടികുളങ്ങര കൈതതെക്ക് സ്വദേശിയായ രമേശ് കുമാർ (രമേശൻ – 65) ആണ് ഏഴു വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പൂർണ്ണമായും കുറ്റവിമുക്തനായത്.
താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പൊലീസും ബന്ധുക്കളും ഒരുപോലെ അവഗണിച്ച സത്യമാണ് മാവേലിക്കര മജിസ്ട്രേട്ട് കോടതിയിലൂടെ ഒടുവിൽ പുറത്തുവന്നത്. 2019 നവംബർ 26നു പുലർച്ചെ ചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിനു പോയ വയോധികയുടെ മാല പൊട്ടിച്ചു എന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
പരാതിക്കാരിയായ വയോധികയുടെ പ്രഥമ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവ ദിവസം തന്നെ രമേശനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാൻഡിലായ രമേശനെ ജാമ്യത്തിലിറക്കാൻ ആരും മുന്നോട്ടുവന്നില്ല.
തുടർന്ന് 47 ദിവസമാണ് അദ്ദേഹം ജയിൽവാസം അനുഭവിച്ചത്. ഒടുവിൽ പൊലീസിന്റെ ഇടപെടലിനെത്തുടർന്നാണ് ഒരു ബന്ധുവിന്റെ സഹായത്തോടെ അദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.
ഇതിനിടയിൽ ചെട്ടികുളങ്ങര ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ 18 മാല മോഷണം നടത്തിയ പത്തിയൂർ സ്വദേശിയായ മറ്റൊരു പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ചെട്ടികുളങ്ങരയിൽ വയോധികയുടെ മാല മോഷ്ടിച്ചത് താനാണെന്ന് ഈ പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.
എന്നിട്ടും വയോധിക ആദ്യം നൽകിയ മൊഴിയിൽ തന്നെ ഉറച്ചുനിന്നതോടെയാണ് രമേശന് കടുത്ത നിയമപോരാട്ടത്തിന് ഇറങ്ങേണ്ടി വന്നത്. ഈ കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചെങ്കിലും രമേശൻ കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല, തൊണ്ടിമുതലായ മാല കോടതിയിൽ ഹാജരാക്കാനും പ്രോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മജിസ്ട്രേട്ട് സൂര്യ എസ്.സുകുമാരൻ രമേശനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവം നടക്കുമ്പോൾ സ്കൂൾ ബസ് ഡ്രൈവറായി ജോലി നോക്കിയിരുന്ന രമേശന് ഈ കേസിൽ പ്രതിയായതോടെ തന്റെ ജോലിയും നഷ്ടമായി. അടുത്ത ബന്ധുക്കൾ പോലും അദ്ദേഹത്തെ കൈവിട്ടു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കാലത്ത് കുറച്ചുകാലം കടത്തിണ്ണയിലാണ് അദ്ദേഹം അന്തിയുറങ്ങിയത്. തുടർന്ന് മൂന്നര വർഷത്തോളം ഒരു ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്.
പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, നിലവിൽ മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

