ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ബാങ്കിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക സുരക്ഷാ വീഴ്ചയെന്ന് സംശയിക്കുന്ന ഡേറ്റ ചോർച്ച റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങളും അക്കൗണ്ട് വിശദാംശങ്ങളും ഉൾപ്പെടെ ഏകദേശം 1000 ജിബി (1 ടിബി) ഡേറ്റയാണ് ഡാർക്ക് വെബ്ബിൽ എത്തിയിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പുകൾക്ക് സാധ്യതയുള്ളതിനാൽ ഇടപാടുകാർ അടിയന്തരമായി നെറ്റ് ബാങ്കിങ് പാസ്വേഡുകളും കാർഡ് പിൻ നമ്പറുകളും പുനഃക്രമീകരിക്കണമെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രവാസികൾ, കോർപറേറ്റ് ഇടപാടുകാർ എന്നിവരുടെ വിവരങ്ങൾ ഉൾപ്പെടെയാണ് പുറത്തായത്.
വ്യക്തിഗത വിവരങ്ങൾക്ക് പുറമെ ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണ രേഖകൾ തുടങ്ങിയ നിർണായക ആഭ്യന്തര രേഖകളും ചോർന്നിട്ടുണ്ട്. ട്രിപ്പിൾഎക്സ് എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഡേറ്റ ചോർച്ചയ്ക്ക് പിന്നിലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ബാങ്കിന്റെ പ്രവർത്തന സംവിധാനമായ കോർ ബാങ്കിങ് സിസ്റ്റം സുരക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഒരു ജീവനക്കാരന്റെ ഇമെയിൽ വിവരങ്ങൾ മാത്രമാണ് ചോർന്നതെന്നും ബാങ്ക് തലത്തിൽ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപഭോക്താക്കൾ തങ്ങളുടെ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമാക്കാൻ ഉടനടി പിൻ, പാസ്വേഡുകൾ എന്നിവ പുതുക്കണം.
നെറ്റ് ബാങ്കിങ് പാസ്വേഡ് മാറ്റാൻ
ബിഒബി വേൾഡ് ഇന്റർനെറ്റ് ബാങ്കിങ് പോർട്ടലിൽ പ്രവേശിച്ച് ലോഗിൻ ചെയ്ത ശേഷം പ്രൊഫൈൽ അല്ലെങ്കിൽ ക്വിക്ക് ലിങ്ക്സ് ഭാഗത്തുനിന്ന് ‘ചേഞ്ച് പാസ്വേഡ്’ തിരഞ്ഞെടുക്കുക. നിലവിലെ പാസ്വേഡും പുതിയ പാസ്വേഡും നൽകിയ ശേഷം രജിസ്റ്റേഡ് മൊബൈലിൽ ലഭിക്കുന്ന ഒടിപി സമർപ്പിച്ച് മാറ്റം വരുത്താം.
നിലവിലെ പാസ്വേഡ് മറന്നവർക്ക് ലോഗിൻ പേജിലെ ‘റീസറ്റ് പാസ്വേഡ്’ ഓപ്ഷൻ ഉപയോഗിച്ച് ഒടിപി വഴി പുതിയ പാസ്വേഡ് സെറ്റ് ചെയ്യാവുന്നതാണ്. ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പർ, ജനനത്തീയതി എന്നിവ പാസ്വേഡായി ഉപയോഗിക്കരുത്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പിൻ പുനഃക്രമീകരിക്കാൻ
ബിഒബി വേൾഡ് മൊബൈൽ ആപ്പിലെ ‘കാർഡ്സ്’ സെക്ഷനിലൂടെയോ ഇന്റർനെറ്റ് ബാങ്കിങ് സർവീസസ് വഴിയോ എടിഎം കൗണ്ടറുകളിൽ നേരിട്ടെത്തിയോ ഡെബിറ്റ് കാർഡ് പിൻ സുരക്ഷിതമായി മാറ്റാം. ക്രെഡിറ്റ് കാർഡ് പിൻ മാറ്റുന്നതിനായി ബിഒബി ഫിനാൻഷ്യൽ പോർട്ടലിലെ സർവീസ് റിക്വസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താം.
കൂടാതെ ബാങ്കിന്റെ ഐവിആർ സർവീസ് നമ്പറുകളായ 1800 258 4455, 1800 102 4455 എന്നിവയിലേക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് വിളിച്ചും പിൻ മാറ്റാൻ കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

