ആലപ്പുഴ: പ്രാർത്ഥനയിലൂടെ കുടുംബപ്രശ്നങ്ങൾ പരിഹരിച്ചുനൽകാമെന്ന് വ്യാജവാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ മാവിലായി പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്റഫ് (52) നെയാണ് മാന്നാർ പോലീസ് സംഘം വലയിലാക്കിയത്.
മാന്നാർ സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് പോലീസ് നടപടി. താലിമാല ഉൾപ്പെടെ 5 പവൻ സ്വർണവും പ്രാർത്ഥനാച്ചെലവുകൾക്കെന്ന പേരിൽ പല ഘട്ടങ്ങളിലായി 1.75 ലക്ഷം രൂപയുമാണ് പ്രതി കവർന്നത്.
വീട്ടമ്മയുടെ കണ്ണൂരിലുള്ള ഒരു ബന്ധു മുഖേനയാണ് ഇയാൾ കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നത്. തുടർന്ന്, പ്രത്യേക പ്രാർത്ഥനകളിലൂടെ തർക്കങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു.
വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച മാന്നാർ പോലീസ് ഇൻസ്പെക്ടർ ബിജു എസ്.വി.യുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ സംഘത്തിൽ എസ്.ഐ സജിത്മോൻ, എ.എസ്.ഐ റിയാസ്, സി.പി.ഒമാരായ അരുൺ ഭാസ്കർ, സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

