തൃശൂർ എറിയാട് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളിൽ വിഷലിപ്തമായ രാസമാലിന്യങ്ങൾ കലർന്ന മണ്ണടിച്ച് ഭീതിയുണർത്തുന്ന സാഹചര്യം നിലനിൽക്കെ, ഇത് നീക്കം ചെയ്യുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥ. എറണാകുളം എടയാർ വ്യവസായ മേഖലയിലെ പൂട്ടിപ്പോയ സ്വകാര്യ സിങ്ക് കമ്പനിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മണ്ണുപയോഗിച്ചാണ് തടാകങ്ങളും ജലാശയങ്ങളും പുരയിടങ്ങളും നികത്തിയിട്ടുള്ളത്.
സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങളുടെ ആരോഗ്യത്തെയും കുടിവെള്ളത്തെയും നേരിട്ട് ബാധിക്കുന്ന ഈ മാലിന്യം മാറ്റാൻ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മാലിന്യം കലർന്ന മണ്ണടിച്ച് നികത്തിയ പ്രദേശത്തിന് സമീപത്തെ ജലാശയത്തിലിറങ്ങിയ വള്ളം തൊഴിലാളിയായ ലൈജേഷിന് കഠിനമായ ത്വക്രോഗം പിടിപെട്ടു.
കൈകാലുകളിൽ ചൊറിഞ്ഞുതടിച്ചതിനെ തുടർന്ന് ചികിത്സ തേടിയപ്പോൾ “തിരിച്ചറിയാൻ പറ്റാത്ത രോഗമാണെന്നാണ് ഡോക്ടർ അറിയിച്ചതെന്ന്” ലൈജേഷ് വ്യക്തമാക്കി. കെട്ടിട
നിർമാണത്തിനും മറ്റാവശ്യങ്ങൾക്കുമായി മണ്ണടിച്ച ഭൂവുടമകൾ മണ്ണു മാഫിയയുടെ വഞ്ചനയ്ക്കാണ് ഇരയായത്. എറണാകുളത്തെ കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് സെൻട്രൽ ലബോറട്ടറി, തൃശൂർ കേരള കാർഷിക സർവകലാശാലയിലെ റേഡിയോ ട്രെയ്സർ ലബോറട്ടറി എന്നിവിടങ്ങളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മണ്ണിൽ സിങ്ക്, ലെഡ്, കാഡ്മിയം എന്നീ ഗുരുതര വിഷലോഹങ്ങൾ അപകടകരമായ അളവിൽ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ 18, 19 വാർഡുകളുൾപ്പെടുന്ന വാകച്ചാൽ മേഖലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിട്ട് ഒരു മാസമായി. ഈ ഖരലോഹങ്ങൾ ഭൂഗർഭജലത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും അരിച്ചിറങ്ങാൻ സാധ്യതയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് ഈ മാസം 10-ാം തീയതി അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. അയിരിൽ നിന്ന് സിങ്ക് വേർതിരിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നമായ ‘ജറോഫിക്സ്’ കട്ടകളും ടൈലുകളും ഉണ്ടാക്കാൻ ഉപയോഗിക്കാമെന്ന് 2020-ൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ മറവിലാണ് കെമിക്കൽ മാലിന്യങ്ങൾ മണ്ണു മാഫിയ നിർബാധം കടത്തിയത്. എടയാറിലെ കമ്പനിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ പുറപ്പെട്ട
ലോറികളെ പരിസ്ഥിതി പ്രവർത്തകർ പിന്തുടർന്നതോടെയാണ് എറിയാട്ടെ ജനവാസ മേഖലകളിൽ വിഷമണ്ണ് തള്ളുന്ന വിവരം പുറത്തറിയുന്നത്. ഇതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പരിശോധന ആവശ്യപ്പെടുകയുമായിരുന്നു.
തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, മാലിന്യം കലർന്ന മണ്ണ് എറണാകുളം അമ്പലമുകളിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റാൻ ഭൂവുടമകളോട് നിർദേശിച്ചിരുന്നു. എന്നാൽ ഒരു ടൺ മണ്ണ് നീക്കം ചെയ്യാൻ 1500 രൂപയോളം ചെലവഴിക്കേണ്ടി വരുന്നത് ഭൂവുടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തങ്ങൾ വഞ്ചിക്കപ്പെട്ടതാണെന്നും ഈ വൻ തുക താങ്ങാനാവില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേസമയം, മണ്ണ് നീക്കം ചെയ്യുന്നതിനായി ഭൂവുടമകൾ കൂടുതൽ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.
രാജൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

