റോം: ഇറ്റലി ഫുട്ബോൾ ടീം പരിശീലകനാവാനുള്ള മുൻ ലോകകപ്പ് താരം ആന്ദ്രെ പിർലോയുടെ മോഹങ്ങൾക്ക് തിരിച്ചടി. റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള സഹകരണത്തെച്ചൊല്ലി ഇറ്റാലിയൻ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയർന്നതോടെ പിർലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കി.
തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പിർലോ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ തന്നെ പരിഗണിക്കില്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് 2006-ലെ ലോകകപ്പ് ജേതാവായ പിര്‍ലോ വ്യക്തമാക്കി.
യു.എ.ഇ ക്ലബ്ബായ ദുബായ് യുണൈറ്റഡിന്റെ പരിശീലകനായിരിക്കെയാണ് റഷ്യൻ ബുക്ക്മേക്കിംഗ് സ്ഥാപനമായ ‘ഫോൺബെറ്റിന്റെ’ ഗ്ലോബൽ അംബാസഡറായി പിർലോ കരാറൊപ്പിടുന്നത്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ ഇറ്റലി കടുത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനിടെ, ഈ വർഷം മോസ്കോയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ സഹതാരം മാർക്കോ മാറ്റെരാസിക്കൊപ്പം പിർലോ പങ്കെടുത്തത് ഇറ്റലിയിൽ വൻ വിവാദമായിരുന്നു.
റഷ്യൻ കമ്പനിയെ പ്രതിനിധീകരിക്കുന്ന ഒരാളെ ദേശീയ ടീമിന്റെ പരിശീലകനാക്കുന്നത് ഇറ്റലിയുടെ വിദേശകാര്യ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കൾ രംഗത്തെത്തുകയായിരുന്നു. അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായി പിർലോ നേരിട്ട് രംഗത്തെത്തി.
കരാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കായിക-വാണിജ്യപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം വാദിച്ചു. “യു.എ.ഇയിലെ എന്റെ കായിക ജീവിതത്തിന്റെ ഭാഗമായാണ് ഈ സഹകരണം ഉണ്ടായത്.
ഇതിന് രാഷ്ട്രീയമാനം നൽകുന്നത് ഞാൻ ഒരിക്കലും വിശ്വസിക്കാത്ത കാര്യങ്ങൾ എനിക്കുമേൽ അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്. ഒരു കായിക തീരുമാനത്തിൽ ഇത്തരം വിവാദങ്ങൾ കലർന്നതിൽ നിരാശയുണ്ടെന്നും” പിര്‍ലോ പറഞ്ഞു.
തുടർച്ചയായി മൂന്നാമത്തെ ഫിഫ ലോകകപ്പിനും യോഗ്യത നേടാനാവാതെ ഇറ്റലി കടുത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് പുതിയ പരിശീലകനായുള്ള തിരച്ചിൽ. പ്ലേ-ഓഫിൽ ബോസ്നിയയോട് തോറ്റതിനെത്തുടർന്ന് ഗെന്നാരോ ഗറ്റൂസോ സ്ഥാനമൊഴിഞ്ഞിരുന്നു.
തുടർന്ന് ബ്രസീല്‍ പരിശീലകന് കാർലോ ആഞ്ചലോട്ടിയേയും മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന് പെപ് ഗ്വാർഡിയോളയേയും സമീപിച്ചെങ്കിലും അവർ നിരസിച്ചു. മുൻ യുവന്റസ്, സാംപ്ഡോറിയ പരിശീലകനായിരുന്ന പിർലോ പുറത്തായതോടെ, ഇറ്റാലിയൻ ഫുട്ബോളിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ മുൻ പരിശീലകരായ റോബർട്ടോ മാൻസിനി അന്റോണിയോ കോണ്ടെ എന്നിവരിലേക്ക് ഫെഡറേഷൻ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

