കേരളത്തിലെ സ്വർണ വിപണിയുടെ വാർഷിക വിറ്റുവരവും അതിൽ നിന്നു സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ധനവകുപ്പിന്റെ കൈവശമില്ല. ജിഎസ്ടി നിലവിൽവന്ന് 2022 വരെ ഇത്തരത്തിലുള്ള വിറ്റുവരവ്, നികുതിക്കണക്കുകൾ വിവരാവകാശ നിയമപ്രകാരം ലഭ്യമായിരുന്നു.
എന്നാൽ, പിന്നീട് നൽകിയ അപേക്ഷകൾക്കെല്ലാം ‘കമ്മോഡിറ്റികളുടെ പ്രത്യേക വിവരശേഖരം’ (കമ്മോഡിറ്റിവൈസ് മാപ്പിങ്) ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിവർഷം ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്ന് മുൻ ധനമന്ത്രി കെ.എൻ.
ബാലഗോപാൽ മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ തുക നിലവിൽ 1.2 ലക്ഷം കോടി രൂപ കവിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
എങ്കിലും, കഴിഞ്ഞ വർഷങ്ങളിലെ ഔദ്യോഗിക കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ആളോഹരി സ്വർണ ഉപഭോഗമുള്ള സംസ്ഥാനമാണ് കേരളം.
ഇന്ത്യയിലെ മൊത്തം സ്വർണ ഉപഭോഗത്തിന്റെ 25 ശതമാനവും കേരളത്തിലാണ് നടക്കുന്നത്. പ്രതിവർഷം ഒരുലക്ഷം കോടി രൂപ വിറ്റുവരവ് കണക്കാക്കിയാൽ പോലും സ്വർണ വിപണിയിൽ നിന്ന് കുറഞ്ഞത് 3,000 കോടി രൂപയുടെ ജിഎസ്ടി സംസ്ഥാനത്തിന് ലഭിക്കേണ്ടതുണ്ട്.
എന്നാൽ, വെറും 600 കോടിയോളം രൂപ മാത്രമാണ് നിലവിൽ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളതെന്നാണ് ഏറ്റവും ഒടുവിലത്തെ അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ യഥാർത്ഥ കണക്കുകൾ പുറത്തുവിടാൻ ധനവകുപ്പ് തയ്യാറാകണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.
സ്വർണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും നികുതി വരുമാനവും സംബന്ധിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ പ്രചരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ് എന്നിവർ അറിയിച്ചു. വിപണിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ധനവകുപ്പിന്റെ പക്കൽ ഇല്ലെന്ന വാദം വിശ്വസനീയമല്ല.
വിവരങ്ങൾ മനഃപ്പൂർവം മറച്ചുവെക്കുന്നതാണോ എന്ന സംശയവും ഭാരവാഹികൾ ഉന്നയിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ധനവകുപ്പിന്റെ ചുമതലയുള്ള ആളുമായ വി.ഡി.സതീശൻ അടിയന്തരമായി ഇടപെടണമെന്നും സ്വർണ വ്യാപാര മേഖലയിലെ വാർഷിക വിറ്റുവരവും ജിഎസ്ടി വരുമാനക്കണക്കുകളും അടിയന്തരമായി വെളിപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കണക്കുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എംഎ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചിരുന്നു. ഈ നിവേദനം തുടർനടപടികൾക്കായി ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

