കണ്ണൂർ വിമാനത്താവളത്തിന്റെ ലൈറ്റനിങ് ഏരിയയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മട്ടന്നൂർ കല്ലേരിക്കര പാറപ്പൊയിലിലെ അഞ്ച് കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിൽ. വികസനത്തിന്റെ ഭാഗമായി തങ്ങളുടെ സർവ്വസ്വവും നഷ്ടപ്പെടുന്ന ഈ കുടുംബങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്നത് നാമമാത്രമായ നഷ്ടപരിഹാര തുക മാത്രമാണെന്ന് ആരോപണം ഉയരുന്നുണ്ട്.
ഒരേ സർവേ നമ്പറിൽ ഉൾപ്പെടുന്ന ഭൂമിക്ക് മുൻപ് നൽകിയ തുകയേക്കാൾ വളരെ കുറഞ്ഞ തുക മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. മുൻപ് സ്ഥലം വിട്ടുനൽകിയപ്പോൾ ലഭിച്ച തുകയേക്കാൾ മൂന്നര ലക്ഷത്തോളം രൂപയുടെ കുറവാണ് നിലവിലുള്ള കണക്കെടുപ്പിൽ വരുത്തിയിട്ടുള്ളത്.
മട്ടന്നൂർ നഗരത്തോട് ചേർന്ന് വിമാനത്താവള റോഡിൽ നിന്നും വെറും 150 മീറ്റർ മാത്രം അകലത്തിലുള്ള ഭൂടമകളാണ് ദുരിതത്തിലായിരിക്കുന്നത്. മരൂർകണ്ടി ബീന, തേരമ്പേത്ത് ബാലൻ, പുതിയേടത്ത് കർത്യായനി, നരിക്കോടൻ ഷീല, പുഷ്പ, നരിക്കോടൻ സുരേന്ദ്രൻ എന്നിവരുടെ കുടുംബങ്ങളാണ് ഈ ദുരിതൂർത്തുകൾ നേരിടുന്നത്.
ആറ് വർഷം മുൻപ് സ്ഥലം വിട്ടുനൽകിയ വേളയിൽ നരിക്കോടൻ സുരേന്ദ്രന്റെ സ്ഥലത്തിന് സെന്റിന് 8.4 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാൽ, ഇതേ ഭൂമിയുടെ ബാക്കി ഭാഗം ഇപ്പോൾ ഏറ്റെടുക്കുമ്പോൾ സർക്കാർ നിശ്ചയിച്ചിരിക്കുന്നത് അഞ്ചര ലക്ഷത്തോളം രൂപ മാത്രമാണ്.
ആറ് വർഷങ്ങൾക്ക് ഇപ്പുറം ഒരേ പ്രദേശത്തെ ഭൂമിക്ക് മൂന്ന് ലക്ഷത്തോളം രൂപ കുറച്ച നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഭൂമിയുടെ വില്പനയെക്കാൾ പരിതാപകരമാണ് ഈ കുടുംബങ്ങളുടെ വീടുകളുടെ അവസ്ഥ.
കാലപ്പഴക്കത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയാണ് വീടുകളുടെ വിലയിൽ നിന്നും വെട്ടിക്കുറച്ചിരിക്കുന്നത്. മരൂർകണ്ടി ബീനയുടെ വീടിന് 26,29,509 രൂപ കണക്കാക്കിയെങ്കിലും കാലപ്പഴക്കം പറഞ്ഞ് 17,62,70 രൂപയായി കുറച്ചു.
തേരമ്പേത്ത് ബാലന്റെ വീടിന് 30,43,417 രൂപ വരേണ്ടിയിരുന്ന സ്ഥാനത്ത് 19,53,000 ലക്ഷമാക്കി ചുരുക്കി. പുതിയേടത്ത് കർത്യായനിയുടെ വീടിന് 20 ലക്ഷം കണക്കാക്കിയപ്പോൾ അത് 8 ലക്ഷമാക്കി മാറ്റി.
നരിക്കോടൻ സുരേന്ദ്രന്റെ വീടിന് 22,21,242 രൂപ വിലയിട്ടെങ്കിലും 16,38,768 രൂപ മാത്രമാണ് ലഭിക്കുക. ഏറ്റവും വലിയ ദുരവസ്ഥയിലായിരിക്കുന്നത് നരിക്കോടൻ ഷീല, പുഷ്പ എന്നിവരുടെ കുടുംബങ്ങളാണ്.
10,61,354 രൂപ കണക്കാക്കിയ വീടിന് കാലപ്പഴക്കം കണക്കാക്കിയപ്പോൾ ലഭിക്കുക വെറും 63,681 രൂപ മാത്രമാണ്. ഈ തുക കൊണ്ട് പുതിയൊരു വീട് നിർമ്മിക്കുന്നത് എങ്ങനെ എന്ന ആശങ്കയിലാണ് ഈ കുടുംബം.
മുൻപ് ഭൂമി ഏറ്റെടുത്തപ്പോൾ കാലപ്പഴക്കം കണക്കാക്കിയിരുന്നില്ലെന്ന് കുടുംബങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ ബാക്കി സ്ഥലം ഏറ്റെടുക്കുമ്പോൾ യാതൊരുവിധ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടില്ല.
മുൻപത്തെ പാക്കേജ് പ്രകാരം വീടും സ്ഥലവും നഷ്ടപ്പെടുമ്പോൾ വീട് വയ്ക്കാൻ 10 സെന്റ് സ്ഥലവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകിയിരുന്നു. എന്നാൽ നിലവിൽ സർവ്വതും നഷ്ടപ്പെടുന്ന ഇവർക്ക് പകരം വീട് വയ്ക്കാൻ ഒരിഞ്ച് സ്ഥലം പോലും സർക്കാർ നൽകുന്നില്ല.
വിഷയത്തിൽ നിരന്തരം പരാതികൾ നൽകിയിട്ടും യാതൊരുവിധ അനുകൂല നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് സ്ഥലഉടമകൾ പറയുന്നു. പുതിയ വീട് നിർമ്മിക്കാൻ ബാങ്ക് ലോണെടുക്കേണ്ട
ഗതികേടിലാണ് ഇപ്പോൾ ഈ കുടുംബങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

