അരൂർ-തുറവൂർ ഉയരപ്പാത നിർമാണ പ്രവർത്തനങ്ങൾക്ക് പ്രധാന തടസ്സമായി നിന്ന 110 കെവി ടവർലൈൻ അഴിച്ചുമാറ്റി താൽക്കാലിക ടവറുകളിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതിനെത്തുടർന്ന്, കഴിഞ്ഞ ഒന്നര മാസമായി നിലച്ചുകിടന്നിരുന്ന നിർമാണ ജോലികളാണ് ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ഒന്നാം റീച്ചിൽ ഉൾപ്പെടുന്ന അരൂർ ശ്രീനാരായണ നഗറിന് സമീപമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെഎസ്ഇബി) 110 കെവി ലൈനുകൾ സുരക്ഷിതമായി താൽക്കാലിക ടവറുകളിലേക്ക് മാറ്റിയത്. കളമശേരിക്കും പുന്നപ്രയ്ക്കും ഇടയിലുള്ള വൈദ്യുതി വിതരണ ശൃംഖലയായ ഈ ലൈൻ, പകരം കേബിളുകൾ സജ്ജീകരിച്ച ശേഷമാണ് അഴിച്ചുമാറ്റിയത്.
പശ്ചിമകൊച്ചി, ചേർത്തല തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് എമർജൻസി റീസ്റ്റോറേഷൻ സിസ്റ്റം (ഇആർഎസ്) നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ഇരുവശങ്ങളിലുമായി ആകെ 17 താൽക്കാലിക ടവറുകൾ നിർമിച്ചാണ് വൈദ്യുതി കേബിൾ കണക്ഷൻ നൽകിയത്.
പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത് അരൂർ-തുറവൂർ ഉയരപ്പാതയുടെ 25, 26, 27 എന്നീ തൂണുകൾക്കിടയിലുള്ള ജോലികളാണ്. ഈ മൂന്ന് ഒറ്റത്തൂണുകൾ തമ്മിൽ ബന്ധിപ്പിച്ച് 14 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കേണ്ടതുണ്ട്.
ഇതിനുശേഷമാകും പാതയുടെ കോൺക്രീറ്റിങ് പ്രവൃത്തികൾ പൂർത്തീകരിക്കുക. ഗർഡറുകൾ കൃത്യമായി സ്ഥാപിക്കുന്നതിനായി സി ബീമുകൾ തൂണുകൾക്ക് മുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനുമുകളിലേക്കാണ് കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെ കോൺക്രീറ്റ് ഗർഡറുകൾ ഉയർത്തി വെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

