കേരളത്തിലെ സ്വർണാഭരണ മേഖലയെ ആധുനിക വ്യവസായ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്കിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസറും ചേർന്നാണ് പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
2000 കോടി രൂപയിൽ അധികം നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ ബൃഹദ്ധതിക്കായി ഏകദേശം 30 ഏക്കർ ഭൂമിയാണ് ആവശ്യമായി വരുന്നത്. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (പി.പി.പി) വിഭാവനം ചെയ്തിരിക്കുന്ന ഈ സംരംഭം യാഥാർത്ഥ്യമാകുന്നതോടെ, ആഭരണ നിർമ്മാണം, നൂതന ഡിസൈനിങ്, റിഫൈനിങ്, ഹോൾമാർക്കിങ്, ഗുണനിലവാര പരിശോധന, പാക്കേജിങ്, ലോജിസ്റ്റിക്സ്, കയറ്റുമതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ഏകോപിപ്പിക്കാൻ സാധിക്കും.
ഈ വ്യവസായ പാർക്ക് പ്രവർത്തനക്ഷമമാകുന്നതിലൂടെ ഏകദേശം 24,000 ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. ഇതിനുപുറമെ, അനുബന്ധ മേഖലകളിലായി നിരവധി പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
പദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നിർണ്ണായക തുടർനടപടികളെക്കുറിച്ച് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

