സ്പെഷൽ എജ്യുക്കേറ്റർമാരായി സേവനം അനുഷ്ഠിക്കുന്നതിനിടയിൽ ലഹരിമരുന്ന് വിപണന ശൃംഖലയിൽ സജീവമായി പങ്കെടുത്ത യുവതികൾ പിടിയിലായതിന്റെ ഞെട്ടലിലാണ് നാടും രക്ഷിതാക്കളും. എംഡിഎംഎ കേസിൽ അറസ്റ്റിലായ കാവ്യയെയും കീർത്തനയെയും കുറിച്ച് പുറത്തുവന്ന വിവരങ്ങൾ സമൂഹത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്.
ഒരു വർഷം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കാവ്യയ്ക്ക് സമഗ്ര ശിക്ഷ കേരളയിലെ (എസ്എസ്കെ) അധ്യാപകരുടെ മുൻകൈയിൽ ധനസഹായം സമാഹരിച്ചു നൽകിയിരുന്നു. എന്നാൽ, പിന്നീട് ഇവർ വിലകൂടിയ ആഡംബര കാർ സ്വന്തമാക്കിയതോടെയാണ് അധ്യാപകർക്കും നാട്ടുകാർക്കും ഇവർക്കെതിരെ സംശയം ജനിച്ചത്.
എംഎ സൈക്കോളജി ബിരുദധാരിയായ കാവ്യ 2016 മുതൽ പേരാമ്പ്ര ബിആർസിക്കു കീഴിലുള്ള ചെറൂവാളൂർ സർക്കാർ എൽപി സ്കൂളിനോടനുബന്ധിച്ചുള്ള ഓട്ടിസം സ്കൂളിൽ സ്പെഷൽ എജ്യൂക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവരുടെ സേവനം.
അടുത്തിടെ സ്വന്തമാക്കിയ ആഡംബര കാർ വിദേശത്തു ജോലി ചെയ്യുന്ന സഹോദരന്റേതാണെന്നായിരുന്നു ഇവർ നൽകിയ വിശദീകരണം. അതീവ രഹസ്യവും ആസൂത്രിതവുമായ രീതിയിലാണ് ഈ സംഘം ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ലഹരി ആവശ്യപ്പെട്ട് 2000 രൂപ വീതം അക്കൗണ്ടിലേക്ക് അയച്ചുനൽകുന്നവർക്ക്, ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരിക്കുന്ന കൃത്യമായ ലൊക്കേഷൻ മറുപടിയായി അയച്ചുകൊടുക്കും. തുടർന്ന് ഈ സ്ഥലത്ത് എത്തുന്നവർക്ക് സംഘത്തിലെ മറ്റൊരാളാണ് പൊതികൾ കൈമാറിയിരുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന തുക കുമിഞ്ഞുകൂടുമ്പോൾ, അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാനായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്ന പതിവുണ്ടായിരുന്നു. ഈ ആവശ്യങ്ങൾക്കാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് പ്രധാനമായും ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ലഹരി ഉപയോഗിക്കുന്നവരുമായി നേരിട്ട് ബന്ധമില്ലെങ്കിലും, വൻകിട ഇടപാടുകാരുമായി കീർത്തനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കൂടി കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ഓപ്പറേഷൻ തൂഫാൻ: അധ്യാപികയെ പിരിച്ചുവിട്ടു എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ സ്പെഷൽ എജ്യുക്കേറ്റർമാർക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി.
പേരാമ്പ്ര മരുതോങ്കര സ്വദേശിനിയായ കീർത്തനയെ (28) സർവീസിൽ നിന്നും പിരിച്ചുവിട്ടു. കൂടാതെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയായ കാവ്യയെയും (29) ഇന്ന് പിരിച്ചുവിടും.
സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ പേരാമ്പ്ര ബിആർസിയിൽ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. വടകര സ്വദേശിയായ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഈ അധ്യാപികമാരിലേക്ക് എത്തിയത്.
തുടർന്ന് കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കീർത്തനയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയാണ് കാവ്യയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ കാരണമായത്.
ഇരുവരും ലഹരി മാഫിയയുടെ പ്രധാന കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എംഡിഎംഎ ആവശ്യപ്പെടുന്നവർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയും, പണം എത്തിയെന്ന് ഉറപ്പാക്കിയ ശേഷം ഫോൺ വഴി ലൊക്കേഷൻ കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
ഇത്തരത്തിൽ കീർത്തനയുടെ അക്കൗണ്ടിലെത്തുന്ന വലിയ തുകകൾ പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പതിവ്. എംഡിഎംഎ വിതരണ ശൃംഖലയുമായി കാവ്യയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന്റെ ശക്തമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

