സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വരാനിരിക്കുന്ന ബജറ്റിൽ കർശനമായ ചെലവുചുരുക്കൽ നടപടികൾ നടപ്പിലാക്കേണ്ടി വരുമെന്നും വ്യക്തമാക്കി ധനവകുപ്പ് വകുപ്പുകൾക്ക് സർക്കുലർ അയച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഔദ്യോഗിക നിർദ്ദേശങ്ങളിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശമുള്ളത്.
പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി വകുപ്പുകൾ കനത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും സർക്കുലറിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശമ്പള വിതരണം ഒഴികെയുള്ള പദ്ധതിയിതര ചെലവുകൾക്ക് ഈ വർഷം അനുവദിച്ചിട്ടുള്ള അതേ തുക തന്നെയായിരിക്കണം അടുത്ത വർഷത്തേക്കും നിശ്ചയിക്കേണ്ടത്.
ഇതിനായി അധികച്ചെലവുള്ളതും ലാഭകരമല്ലാത്തതുമായ പദ്ധതികൾ ഒഴിവാക്കണം. അടിയന്തര സ്വഭാവമില്ലാത്തതും മാറ്റിവെക്കാൻ സാധിക്കുന്നതുമായ അറ്റകുറ്റപ്പണികളുടെ ചെലവുകൾ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നും, ഇവ പിന്നീട് സാഹചര്യം അനുസരിച്ച് പരിഗണിക്കാമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
പദ്ധതികൾ നിർത്തലാക്കുമ്പോൾ അവിടെ അധികമായി വരുന്ന ജീവനക്കാരെ പിരിച്ചുവിടില്ല. പകരം, ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഇങ്ങനെയുള്ള ജീവനക്കാരെ പുനർവിന്യസിക്കുന്നതിനായി അതത് വകുപ്പുകൾ പ്രത്യേക ലിസ്റ്റ് തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.
ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാർത്ഥ ബജറ്റ് തുകയെ ഏതെങ്കിലും കാരണവശാൽ മറികടക്കാൻ പാടില്ല. റവന്യു വരുമാനം വേഗത്തിൽ ഖജനാവിലേക്ക് എത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വകുപ്പുകൾ അടിയന്തരമായി സമർപ്പിക്കണം.
കൂടാതെ, നിലവിലുള്ള നികുതി, നികുതിയിതര കുടിശികകളുടെ കൃത്യമായ കണക്കുകളും അവ ഈടാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളും സർക്കാരിനെ അറിയിക്കണമെന്നും ധനവകുപ്പ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

