ടെഹ്റാൻ: ഇറാൻ – അമേരിക്ക സംഘർഷത്തിൽ യാതൊരുവിധ ആക്രമണങ്ങളും ഇല്ലാത്ത തുടർച്ചയായ രണ്ടാം ദിനവും കടന്നുപോയത് ആഗോളതലത്തിൽ വലിയ ആശ്വാസത്തിനാണ് വഴിതുറന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് രാത്രികളിലും അമേരിക്കയുടെ ഭാഗത്തുനിന്ന് ഇറാനുമേൽ വ്യോമാക്രമണങ്ങളോ മറ്റ് ആക്രമണങ്ങളോ ഉണ്ടായിട്ടില്ല.
തുടർന്ന് അമേരിക്ക ആക്രമണങ്ങൾ അവസാനിപ്പിച്ചുവെന്ന് വ്യക്തമായതോടെ തങ്ങളുടെ ഭാഗത്തുനിന്നുള്ള തിരിച്ചടികളും പൂർണ്ണമായി നിർത്തിവെച്ചതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ പ്രതിസന്ധികൾക്കും തിരിച്ചടികൾക്കും താൽക്കാലിക വിരാമമായതോടെ മേഖലയിലെ കടുത്ത ആശങ്കകളാണ് ഒഴിഞ്ഞുപോകുന്നത്.
ഹോർമൂസ് കടലിടുക്കിൽ സുരക്ഷിത നാവിക ഗതാഗതം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാാനും തമ്മിൽ നിർണ്ണായകമായ ഒരു കരാർ ഉടൻ തന്നെ ഒപ്പുവെക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന എല്ലാവിധ നാവിക പ്രവർത്തനങ്ങളും ഖത്തർ ഇതിനോടകം തന്നെ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ തങ്ങളും പങ്കുചേർന്നിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളെ കുവൈത്ത് അധികൃതർ ശക്തമായി നിഷേധിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസം മൊസാംബിക് പതാകയേന്തി സഞ്ചരിച്ചിരുന്ന കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്ക പെട്ടെന്ന് തന്നെ ആക്രമണ പരമ്പരകൾ അവസാനിപ്പിക്കാൻ ഉണ്ടായ കാരണങ്ങളെക്കുറിച്ച് വിവിധ വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹോർമൂസ് വിഷയത്തിൽ ഒമാനും ഇറാാനും ഇടയിൽ രൂപംകൊണ്ടിരിക്കുന്ന ധാരണയാണ്.
സുരക്ഷിത നാവിക ഗതാഗതം യാഥാർത്ഥ്യമാക്കാനുള്ള ഈ കരാർ ഇപ്പോൾ സാങ്കേതികവും രാഷ്ട്രീയവുമായ കൂടിയാലോചനകളുടെ അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ശക്തമായ തിരിച്ചടികൾ മൂലം അമേരിക്കയുടെ ആയുധ ശേഖരം അതിവേഗം കുറഞ്ഞുവരുന്നതിനെക്കുറിച്ചുള്ള ആശങ്കകളും, ഇസ്രയേലുമായി നടത്തേണ്ടുന്ന സുപ്രധാന കൂടിയാലോചനകൾ പൂർത്തിയാക്കാനുള്ള കാത്തിരിപ്പും, യുദ്ധം അനിശ്ചിതമായി നീളുന്നതിൽ അമേരിക്കൻ നേതൃത്വത്തിനുള്ളിലെ ഭിന്നാഭിപ്രായങ്ങളുമാണ് പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
മേഖലയിലെ സമാധാന അന്തരീക്ഷം മെച്ചപ്പെടുന്നതിന്റെ സൂചനയായി, നേരത്തെ നിർത്തിവെച്ചിരുന്ന നാവിക പ്രവർത്തനങ്ങൾ ഖത്തർ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇത് പുതിയ സമാധാന കരാറുകളെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ജീവൻ വെപ്പിച്ചിരിക്കുകയാണ്.
എന്നാൽ, ഇസ്രയേൽ വീണ്ടും ഈ യുദ്ധത്തിലേക്ക് കടന്നുവരികയാണെങ്കിൽ അത് മേഖലയിൽ അതിഭീകരമായ സംഘർഷത്തിന് കാരണമാകുമെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 13 ദിവസമായി തുടരുന്ന സംഘർഷത്തിൽ 200 യു എസ് സൈനികർ കൊല്ലപ്പെടുകയും 11 പോർവിമാനങ്ങൾ തകർക്കപ്പെടുകയും ചെയ്തു എന്നാണ് ഇറാന്റെ ഔദ്യോഗിക അവകാശവാദം.
ഇതിനിടയിലാണ് ഇറാനെതിരായ ആക്രമണങ്ങളിൽ കുവൈത്തും പങ്കാളികളായി എന്ന തരത്തിലുള്ള വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് കുവൈത്ത് തള്ളിക്കളഞ്ഞത്. ഒമാൻ കടലിൽ മൊസാംബിക് പതാകയേന്തി സഞ്ചരിച്ച കപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെയാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചു.
എം ടി ലവൈൻ (എം ടി ദിശയെന്ന എൽ പി ജി ടാങ്കർ) എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. 28 ഇന്ത്യൻ നാവികർ ഉൾപ്പെടെയുള്ള ഈ കപ്പലിന്റെ നേർക്കുള്ള ആക്രമണം കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിരുന്നു.
എങ്കിലും കപ്പലിലുള്ള മുഴുവൻ നാവികരും നിലവിൽ പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

