രാജ്യത്തെ യുവജനങ്ങളുടെ ഇടയിൽ ഏറെ ചർച്ചയായ ശീതളപാനീയമായ ഡയറ്റ് കോക്കിന്റെ വിലയിൽ വർധന. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ഇതിനെത്തുടർന്ന് അലുമിനിയം അടക്കമുള്ള അവശ്യ ലോഹങ്ങളുടെ ലഭ്യത കുറഞ്ഞത് ഉത്പാദനത്തെ ബാധിച്ചു. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഡയറ്റ് കോക്ക് ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.
ഈ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടിയ കമ്പനി, പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് പകരം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് വലിപ്പം കൂടിയ അലുമിനിയം കാനുകൾ എത്തിച്ചത്. ഇത് ഉത്പാദനച്ചെലവ് വർദ്ധിപ്പിക്കുകയും വിലയിൽ പത്തുശതമാനത്തിലധികം വർധനവിന് കാരണമാവുകയും ചെയ്തു.
മറ്റ് വിപണികളിൽ പ്ലാസ്റ്റിക്, ചില്ല് കുപ്പികളിൽ ലഭ്യമാകുന്ന ഡയറ്റ് കോക്ക് ഇന്ത്യയിൽ പ്രധാനമായും അലുമിനിയം കാനുകളിലാണ് വിപണനം ചെയ്തിരുന്നത്. മുമ്പ് 300 മില്ലി ലീറ്റർ അളവിലുള്ള കാനിന് 40 രൂപയായിരുന്നു വിലയെങ്കിൽ, പുതിയ മാറ്റത്തിന്റെ ഭാഗമായി ഇത് 330 മില്ലി ലീറ്ററായി മാറിയിട്ടുണ്ട്.
ഇതിന്റെ ഇപ്പോഴത്തെ വിപണി വില 50 രൂപയാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 13.6 ശതമാനത്തിന്റെ വർധനവാണ് വിലയിലുണ്ടായിരിക്കുന്നത്.
എന്നാൽ കമ്പനി ഔദ്യോഗികമായി ഈ വിലവർധനവ് പ്രഖ്യാപിച്ചിട്ടില്ല. പ്രതിസന്ധിക്ക് പരിഹാരമായി 200 മില്ലി ലീറ്റർ അളവിലുള്ള ചില്ലുകുപ്പികളിൽ പരിമിതമായ കാലത്തേക്ക് ഡയറ്റ് കോക്ക് വിപണിയിലെത്തിക്കാൻ കോക്കകോള തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഇതിന് അലുമിനിയം കാനിനേക്കാൾ വിലകൂടാനാണ് സാധ്യത. ജെൻസീയുടെ പ്രിയപാനീയമായി മാറിയതിന് പിന്നിൽ യുവതലമുറയ്ക്കിടയിൽ ‘ഫ്രിജ് സിഗരറ്റ്’ എന്ന വിശേഷണമുള്ള ഈ പാനീയം, ഒരു കാലത്ത് കുറഞ്ഞ കാലറി അളവിലുള്ള ഉത്പന്നം എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.
എന്നാൽ ഇന്നത് പലരുടെയും ജീവിതശൈലിയുടെ ഭാഗമായി മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളും വെൽനസ് സംസ്കാരവും ഇതിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.
ഷുഗർ ഫ്രീ പാനീയങ്ങളോടുള്ള യുവതലമുറയുടെ താല്പര്യവും ഇതിൽ നിർണായകമാണ്. തിരക്കിട്ട
ഔദ്യോഗിക ജീവിതത്തിനിടയിൽ മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള ഒരു ഉപാധിയായാണ് പലരും ഇതിനെ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

