ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽ ഇന്ത്യയുടെ നിർണായക സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി വിജയകരമായി സമാപിച്ചു. ലോക ജനസംഖ്യയുടെ പകുതിയോളവും ആഗോള ജിഡിപിയുടെ ഏകദേശം 40 ശതമാനവും പ്രതിനിധീകരിക്കുന്ന ബ്രിക്സ് (BRICS) കൂട്ടായ്മയുടെ ഉച്ചകോടിക്ക് വേദിയാകാനും മികച്ച രീതിയിൽ നടത്തി ശ്രദ്ധ നേടാനും രാജ്യത്തിന് സാധിച്ചു.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ലോകനേതാക്കൾ അണിനിരന്നു. ഇന്ത്യ മുൻകൈ എടുത്ത വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് വലിയ നേട്ടമായി.
അടുത്ത ബ്രിക്സ് ഉച്ചകോടി ചൈനയിലാണ് നടക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്.
ബ്രസീൽ, ചൈന, ഈജിപ്ത്, ഇത്യോപ്യ, ഇന്ത്യ, ഇന്തൊനീഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ 11 അംഗരാജ്യങ്ങളാണ് നിലവിൽ ഈ കൂട്ടായ്മയിലുള്ളത്. ആഗോള ജനസംഖ്യയുടെ 49.5 ശതമാനവും, ആഗോള ജിഡിപിയുടെ 40 ശതമാനവും ലോക വ്യാപാരത്തിന്റെ 26 ശതമാനവും ഈ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നു.
ചരിത്ര പശ്ചാത്തലം
2006ൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ ഭാഗമായി ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ‘ബ്രിക്’ (BRIC) ഔപചാരികമായി രൂപംകൊണ്ടത്. 2009ൽ റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ പ്രഥമ ഉച്ചകോടി അരങ്ങേറി.
തുടർന്ന് 2010ൽ ദക്ഷിണാഫകൂടി ചേർന്നതോടെ ‘എസ്’ (S) ഉൾപ്പെടുത്തി ബ്രിക്സ് (BRICS) എന്ന പേര് സ്വീകരിച്ചു. 2024ൽ ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും 2025 ജനുവരിയിൽ ഇന്തൊനീഷ്യയും പൂർണ അംഗങ്ങളായി.
കൂടാതെ ബെലറൂസ്, ബൊളീവിയ, കസഖ്സ്ഥാൻ, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്ലൻഡ്, യുഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവ പങ്കാളിത്ത രാജ്യങ്ങളായും കൂട്ടായ്മയിൽ ഇടംനേടി. ഇവയെല്ലാം ചേർത്ത് ബ്രിക്സ് പ്ലസ് (BRICS+) എന്നാണ് അനൗപചാരികമായി വിശേഷിപ്പിക്കുന്നത്.
ഉച്ചകോടിയും സംയുക്ത പ്രസ്താവനയും
വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനും സഹകരണം ശക്തമാക്കാനുമാണ് എല്ലാ വർഷവും ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇത്തവണ ഇന്ത്യയിൽ നടന്ന ഉച്ചകോടിയിൽ 11 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ 28 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഉച്ചകോടിയുടെ സമാപനത്തിൽ എല്ലാ അംഗരാജ്യങ്ങളുടെയും പൊതുസമ്മതത്തോടെ പുറത്തിറക്കുന്ന ഔദ്യോഗിക നയരേഖയാണ് ‘സംയുക്ത പ്രസ്താവന’. ഉച്ചകോടി നടന്ന സ്ഥലത്തിന്റെ പേര് ചേർത്താണ് ഇത് അറിയപ്പെടുന്നത് (ഉദാഹരണത്തിന് New Delhi Declaration).
ആഗോള വിഷയങ്ങളിലെ നിലപാടുകൾ, സാമ്പത്തിക കരാറുകൾ, വരുംകാല പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്തുന്നു. എൻഡിബി ബാങ്കിന്റെ പിറവി
ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന നാലാമത് ബ്രിക്സ് ഉച്ചകോടിയിലാണ് വികസിച്ചുവരുന്ന രാജ്യങ്ങൾക്ക് വായ്പ നൽകാൻ പുതിയ ബഹുരാഷ്ട്ര ബാങ്ക് വേണമെന്ന ആശയം ഇന്ത്യയും ചൈനയും മുന്നോട്ടുവെച്ചത്.
ലോകബാങ്കിനും ഐഎംഎഫിനും ബദലായി രൂപീകരിച്ച ന്യൂ ഡവലപ്മെന്റ് ബാങ്ക് (എൻഡിബി), വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമില്ലാതെ ധനസഹായം ഉറപ്പാക്കുന്നു. 2015 ജൂലൈ 7ന് ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമാക്കി ബാങ്ക് പ്രവർത്തനം തുടങ്ങി.
ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റായി ഇന്ത്യയുടെ കെ.വി.കാമത്ത് ചുമതലയേറ്റു. പുനരുപയോഗ ഊർജം, ഗതാഗതം, കുടിവെള്ള വിതരണം തുടങ്ങിയ മേഖലകൾക്കാണ് ബാങ്ക് പ്രധാനമായും സാമ്പത്തിക സഹായം നൽകുന്നത്.
ബംഗ്ലദേശ്, യുഎഇ, ഈജിപ്ത്, യുറഗ്വായ് എന്നീ രാജ്യങ്ങളും ഇപ്പോൾ ബാങ്കിലെ അംഗങ്ങളാണ്. രാജ്യാന്തര വ്യാപാരത്തിൽ ഡോളറിനെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കി സ്വന്തം കറൻസികളിൽ ഉഭയകക്ഷി വ്യാപാരം നടത്താനും ബ്രിക്സ് രാജ്യങ്ങൾ പ്രോത്സാഹനം നൽകുന്നുണ്ട്.
കൂടാതെ, ഐഎംഎഫിനെ മാത്രം ആശ്രയിക്കാതെ അംഗരാജ്യങ്ങൾക്ക് പെട്ടെന്ന് വിദേശനാണയം ലഭ്യമാക്കാൻ കണ്ടിജൻസി റിസർവ് കരാറും (സിആർഎ) രൂപീകരിച്ചിട്ടുണ്ട്. പതിനാറാം ഉച്ചകോടിയിലൂടെ ഗ്ലോബൽ സൗത്തിന്റെ നേതൃസ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ദൃഢമായിരിക്കുകയാണ്.
വരുംകാലങ്ങളിൽ സാമ്പത്തിക-തന്ത്രപ്രധാന മേഖലകളിൽ ബ്രിക്സ് പ്ലസ് കൂട്ടായ്മ ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

