പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ നാട്ടുകാരെ അമ്പരപ്പിക്കുന്ന ഒരു ഗേറ്റ് ശ്രദ്ധേയമാകുന്നു. മുണ്ടൂർ കാഞ്ഞിക്കുളം എംഎൽഎ റോഡിലെ എഴക്കാട് മാധവീയത്തിൽ ഹരികുമാറിന്റെ വീടിനു മുന്നിലാണ് സ്വകാര്യ ബസിന്റെ രൂപത്തിൽ വേറിട്ട
ഗേറ്റ് നിർമിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരും ഇതൊരു ബസ് ആണെന്നേ കരുതൂ.
സ്വകാര്യ ബസിന്റെ നീലയും വെള്ളയും നിറം, ജനലുകൾ, ചക്രങ്ങൾ തുടങ്ങി ഒരു ബസിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഈ ഗേറ്റിൽ ഒരുക്കിയിട്ടുണ്ട്. ബസിന്റെ വാതിൽ തുറക്കുന്നതുപോലെയാണ് ഈ ഗേറ്റ് തുറക്കപ്പെടുന്നത്.
വെൽഡറായ ഹരികുമാറും സുഹൃത്ത് സുജിത്തും ചേർന്നാണ് ഈ വ്യത്യസ്തമായ ഗേറ്റ് യാഥാർത്ഥ്യമാക്കിയത്. ഈ കൗതുകകരമായ ഗേറ്റിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവരുടെ എണ്ണം നിരവധിയാണ്.
ഹരികുമാറിന്റെ അച്ഛൻ പള്ളത്തൊടി നാരായണദാസ് ദീർഘകാലം പാലക്കാട് – ചെർപ്പുളശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോഴും അച്ഛന്റെ ആ ബസ് ഓർമകളെ ഹരികുമാർ ചേർത്തുപിടിക്കുകയായിരുന്നു.
നിലവിൽ സ്കൂൾ ബസ് ഡ്രൈവറായി സേവനം അനുഷ്ഠിക്കുകയാണ് നാരായണദാസ്. തുടക്കത്തിൽ വോൾവോ ബസിന്റെ മാതൃകയിൽ നിർമിക്കാനായിരുന്നു പദ്ധതിയിട്ടതെങ്കിലും പിന്നീട് സ്വകാര്യ ബസിന്റെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു.
ബസിന്റെ റജിസ്ട്രേഷൻ നമ്പർ എഴുതുന്ന രീതിയിൽ മഞ്ഞ പെയ്ന്റിൽ രേഖപ്പെടുത്തിയ PMHJNSRD എന്ന അക്ഷരക്കൂട്ടം കുടുംബാംഗങ്ങളുടെ പേരിന്റെ ചുരുക്കരൂപമാണ്. ഇതിലെ ഓരോ ഇംഗ്ലീഷ് അക്ഷരവും കുടുംബത്തിലെ ഓരോ അംഗത്തെ സൂചിപ്പിക്കുന്നു.
‘പി’ എന്നത് മുത്തച്ഛൻ പഴണിമല, ‘എം’ മുത്തശ്ശി മാധവി, ‘എച്ച്’ കുടുംബനാഥൻ ഹരികുമാർ, ‘ജെ’ സഹോദരൻ ജ്യോതിഷ്, ‘എൻ’ അച്ഛൻ നാരായണദാസ്, ‘എസ്’ അമ്മ സുന്ദരി, ‘ആർ’ ഹരികുമാറിന്റെ ഭാര്യ രാഗി, ‘ഡി’ മകൻ ദക്ഷ് എന്നിവരെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഈ ബസ് മാതൃകയിലുള്ള ഗേറ്റിന്റെ ജനലുകളിൽ ഗ്ലാസ് കൂടി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

