മാഡ്രിഡ്: ഓട്ടിസം ബാധിച്ച മകനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിതുമ്പിക്കരഞ്ഞ് സ്പാനിഷ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ. മകൻ മാത്യുവിനെ വളർത്തുന്നതിലെ പ്രതിസന്ധികളെക്കുറിച്ചും അത് തന്റെ ജീവിതത്തിലും കരിയറിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും വിശദീകരിക്കുമ്പോഴാണ് താരം ക്യാമറയ്ക്ക് മുന്നിൽ വികാരാധീനനായത്.
ബിബിഒ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടയിലാണ് ലോക ചാമ്പ്യനായ താരം മകനെ ഓർത്ത് കണ്ണീരണിഞ്ഞത്. മകന്റെ രോഗാവസ്ഥയെക്കുറിച്ച് ഡോക്ടർമാർ വിവരിച്ച ആദ്യ ഘട്ടത്തിൽ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും വലിയ മാനസിക ബുദ്ധിമുട്ടുകളാണ് നേരിട്ടതെന്ന് കുക്കുറെയ്യ ഓർത്തെടുത്തു.
കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ അറിയിക്കുമെങ്കിലും, പിന്നീട് എന്തു ചെയ്യണമെന്ന് ഒരു മാതാപിതാക്കൾക്കും കൃത്യമായ ധാരണയുണ്ടാകില്ലെന്നും എല്ലാം സ്വയം പഠിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും മാത്യു തങ്ങളുടെ ജീവിതത്തെ പൂർണ്ണമായി മാറ്റിമറിച്ചുവെന്നും ലോകത്തെ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ കാണാൻ അവൻ പഠിപ്പിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
തുടക്കത്തിൽ മാത്യുവിനെ സാധാരണ സ്കൂളിലാണ് ചേർത്തിരുന്നതെങ്കിലും അവിടത്തെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ മകൻ ഏറെ പ്രയാസപ്പെട്ടു. മണിക്കൂറുകളോളം കരയുന്ന മകനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുള്ള ദുരിതങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഒടുവിൽ പ്രത്യേക പരിചരണം ലഭിക്കുന്ന മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രകളും ഭക്ഷണക്രമവുമെല്ലാം മകന്റെ സൗകര്യാർത്ഥം മാത്രമാണ് തീരുമാനിക്കുന്നത്.
ക്ലബ്ബുകൾ മാറുന്ന കാര്യത്തിൽ പോലും മകന് ആവശ്യമായ തെറാപ്പിയും വിദ്യാഭ്യാസവും ലഭിക്കുന്ന നഗരമാണോ എന്ന് ഉറപ്പുവരുത്തിയ ശേഷമേ തീരുമാനമെടുക്കാറുള്ളൂ എന്ന് കുക്കുറെയ്യ വ്യക്തമാക്കി. “കുടുംബം സമാധാനത്തോടെയും സന്തോഷത്തോടെയും ഇരുന്നാൽ മാത്രമേ എനിക്ക് ഗ്രൗണ്ടിൽ നൂറു ശതമാനം പ്രകടനം പുറത്തെടുക്കാനാകൂ.
അവൻ മുന്നോട്ട് വെക്കുന്ന ഓരോ ചെറിയ ചുവടുവെപ്പും ഞങ്ങൾക്ക് മറ്റെന്തിനേക്കാളും വലിയ സന്തോഷമാണ് നൽകുന്നത്. എന്റെ മകൻ പൂർണ്ണ ആരോഗ്യവാനായിരിക്കുമെങ്കിൽ എനിക്ക് യാതൊരു സമ്പദ്യവും വേണ്ടായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.
അവന് എന്റെ മുടി ഇഷ്ടമായതുകൊണ്ടാണ് ഞാൻ ഇത്രയും നീട്ടി വളർത്തുന്നത്. ഏതെങ്കിലും ഒരു ദിവസം അവൻ എന്നെ മറന്നുപോയാൽ പോലും, ഈ മുടി കണ്ടെങ്കിലും അവന് എന്നെ തിരിച്ചറിയാൻ സാധിക്കുമല്ലോ,” കുക്കുറെയ്യ പറഞ്ഞു.
ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന മറ്റ് മാതാപിതാക്കൾക്ക് ധൈര്യവും പിന്തുണയും പകർന്നുനൽകാനാണ് താൻ ഈ അനുഭവങ്ങൾ പരസ്യമായി തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

