ജീവനാംതുക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വയോധികൻ കൊല്ലപ്പെട്ട
സംഭവത്തിൽ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ഇളയമകൻ പൊലീസിന്റെ പിടിയിലായി. മടവാക്കര പൊലിയേടത്തുപറമ്പിൽ കൃഷ്ണൻ (89) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിലാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഇളയമകൻ രാധാകൃഷ്ണൻ (54) പിടിയിലായത്.
കഴിഞ്ഞ 18ന് അർധരാത്രി നടന്ന ദാരുണമായ സംഭവം പുറത്തറിയുന്നത് 21ന് ഉച്ചയ്ക്കാണ്. അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ചെങ്ങാലൂരിൽ താമസിക്കുന്ന മൂത്തമകൻ മുരളീധരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വീട് അടച്ചിട്ട നിലയിലായിരുന്നുവെന്നും അകത്തുനിന്ന് രൂക്ഷമായ ഗന്ധം വമിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കട്ടിലിൽ ചാരിയിരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ താഴത്തെ നിലയിലെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയിരുന്നെങ്കിലും മുകൾനിലയിലെ ഒരു വാതിൽ തുറന്നിട്ട
നിലയിലായിരുന്നു. മരണകാരണം തലയിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി.
തുടർന്ന് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സ്വത്തുക്കൾ വീതിച്ചു നൽകിയെങ്കിലും അച്ഛൻ തന്നെ പരിപാലിക്കുന്നില്ലെന്ന് കാണിച്ച് രാധാകൃഷ്ണനെതിരെ കൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് രാധാകൃഷ്ണൻ ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഇതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ജപ്തി നടപടികളും ഉണ്ടായി.
ഈ സംഭവങ്ങളാണ് അച്ഛനോടുള്ള രാധാകൃഷ്ണന്റെ വൈരാഗ്യം വർധിപ്പിച്ചത്. ഈ ആഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ്, കൊലപാതകത്തിനുപയോഗിച്ച ചുറ്റിക പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. സ്റ്റേഷൻ എസ്എച്ച്ഒ എ.ആദംഖാൻ, എസ്ഐമാരായ സി.എം.മഹേഷ്, പി.വി.പാട്രിക്, ജിഎ എസ്ഐ പി.വി.സുഭാഷ് ലാൽ, ജിഎസ്ഐ വെൽസ് കെ.തോമസ്, ഡാൻസാഫ് ടീമിലെ ജിഎസ്ഐമാരായ എം.സതീശൻ, പി.എം.മൂസ, ജിഎഎസ്ഐമാരായ എം.ജെ.ബിനു, എ.യു.റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മരിച്ചുകിടക്കുന്നതിനു സമീപം ചുമരിലുണ്ടായിരുന്ന ചെറിയ രക്തത്തുള്ളികളാണ് കേസിൽ നിർണായകമായത്. രക്തത്തുള്ളികൾ പ്രതലങ്ങളിലേക്ക് ചീറ്റി തെറിച്ചുവീഴുമ്പോഴുള്ള പ്രത്യേകതകൾ പരിശോധിച്ച ഇൻസ്പെക്ടർ എ.ആദംഖാൻ ഉൾപ്പെടുന്ന സംഘം ഇത് പരിചയത്തിലുള്ളയാളുടെ കൃത്യമാണെന്ന് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.
വീട്ടിൽ മോഷണ ശ്രമങ്ങൾ നടക്കാത്തതിനാൽ അന്വേഷണം ബന്ധുക്കളിലേക്ക് തിരിയുകയായിരുന്നു. സംസ്കാര സമയത്തും പ്രതിയെ പൊലീസ് നിരീക്ഷിച്ചിരുന്നു.
കൃഷ്ണന്റെ മരണത്തിൽ നേട്ടമുള്ളത് മകൻ രാധാകൃഷ്ണനാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അസ്വസ്ഥനായ രാധാകൃഷ്ണൻ, 18ന് അർധരാത്രി വാഹനം എടുക്കാൻ ശ്രമിക്കുന്നതിനിടെ കൃഷ്ണൻ താമസിക്കുന്ന വീടിന്റെ മുകൾനിലയിലെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെടുകയായിരുന്നു.
തുടർന്ന് മതിൽ ചാടിക്കടന്ന് പിറകുവശത്തെ ഗോവണിയിലൂടെ അകത്തു കടന്ന പ്രതി, താഴെ മുറിയിൽ ഉറങ്ങുകയായിരുന്ന കൃഷ്ണന്റെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

