കൊച്ചി: കുഴിമന്തി, അൽഫാം, തന്തൂരി തുടങ്ങിയ ജനപ്രിയ വിഭവങ്ങളുടെ പാചകത്തിന് ഉപയോഗിക്കുന്ന വിറകുകരിക്ക് സംസ്ഥാനത്ത് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നു. പാചകവാതക വിലയിലുണ്ടായ വർധനയെ തുടർന്ന് മറ്റ് വ്യവസായങ്ങളും സ്ഥാപനങ്ങളും വിറകിലേക്കും കരിയിലേക്കും തിരിഞ്ഞതാണ് വിപണിയിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.
പാചകവാതകത്തിന്റെ ഉയർന്ന വില കാരണം ചെറുകിട വ്യവസായങ്ങളും വിവിധ സ്ഥാപനങ്ങളും ഇന്ധനമായി വിറക് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ഇതിന്റെ ആവശ്യകത കുത്തനെ ഉയർന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഇതോടെ കരി നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞു. ഇതിനുപുറമെ, കരി നിർമാണ മേഖലയിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നുണ്ട്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തൊഴിലാളികളുടെ പഞ്ഞവും കാരണം ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ കരിയുടെ വില വർധിക്കുകയും ഗുണനിലവാരം താഴുകയും ചെയ്തിട്ടുണ്ട്. കുഴിമന്തി, അൽഫാം, തന്തൂരി, കബാബ്, ബാർബിക്യൂ ചിക്കൻ, ഗ്രിൽഡ് ചിക്കൻ, സ്മോക്ക്ഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങൾക്ക് തനതായ മണവും രുചിയും ലഭിക്കണമെങ്കിൽ കരിയുടെ ചൂടിലും പുകയിലും വേവിക്കേണ്ടതുണ്ട്.
ചില ഹോട്ടലുകളിൽ ബിരിയാണിക്ക് പ്രത്യേക സ്മോക്കി ഫ്ളേവർ നൽകാനും കരി ഉപയോഗിക്കാറുണ്ട്. ഗ്യാസ് ഉപയോഗിച്ച് ഷവായ പോലുള്ള വിഭവങ്ങൾ തയാറാക്കാൻ സാധിക്കുമെങ്കിലും, കരി ഉപയോഗിച്ചാൽ മാത്രമേ പരമ്പരാഗത രുചി നിലനിർത്താൻ കഴിയൂ.
കേരളത്തിലേക്ക് ആവശ്യമായ വിറകുകരിയുടെ ഏകദേശം എഴുപത് ശതമാനത്തിലധികവും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. ബാക്കി വരുന്ന ഇരുപത് മുതൽ മുപ്പത് ശതമാനം വരെ കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്.
ഈ സംസ്ഥാനങ്ങളിൽ സുലഭമായി ലഭിക്കുന്ന കരിവേലം മരത്തിന്റെ വിറകാണ് പ്രധാനമായും കരി നിർമാണത്തിനായി ഉപയോഗിക്കുന്നത്. മുൻപ് ടണ്ണിന് 4000 രൂപയായിരുന്ന ഈ വിറകിന്റെ വില ഇപ്പോൾ 8000 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
ഈ വിലവർധനയാണ് പാചക മേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

