എംസി റോഡിലെ പ്രധാന പാതകളിലൊന്നായ കാലടി ശ്രീശങ്കര പാലം തകർന്നടിഞ്ഞ കുഴികൾ അടയ്ക്കുന്നതിനുള്ള നിർണായക അറ്റകുറ്റപ്പണികൾക്ക് തുടക്കമായി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി രാത്രികാലങ്ങളിലാണ് പണികൾ പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി വരുന്ന 25 വരെ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ഈ പാലത്തിലൂടെയുള്ള എല്ലാത്തരം ഗതാഗതവും പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രക്കാർക്കായി അധികൃതർ പുതിയ വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി സഞ്ചരിക്കേണ്ട വാഹനങ്ങൾ ആലുവ, പെരുമ്പാവൂർ വഴിയുള്ള ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടതാണ്.
തിരിച്ചുള്ള യാത്രയിൽ പെരുമ്പാവൂർ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് പോകുന്ന വാഹനങ്ങളും ആലുവ വഴി തന്നെ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, അങ്കമാലി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ മലയാറ്റൂർ–കോടനാട് പാലം വഴി കുറുപ്പംപടി എത്തി യാത്ര തുടരേണ്ടതാണ്.
മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്ന ചെറുവാഹനങ്ങൾക്ക് പ്രത്യേക യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങൾ പെരുമ്പാവൂർ–കാലടി റോഡിലെ വല്ലം ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം വഴി കാഞ്ഞൂർ മുഖേന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാവുന്നതാണ്.
വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്നവർക്കും ഇതേ റൂട്ട് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

