ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ പുതിയ തീരുവഭാരം അടിച്ചേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലുള്ള 10% തീരുവയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇളവുകൾക്ക് വിധേയമായി 10 മുതൽ 12.5% വരെ തീരുവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയ്ക്ക് ഈ പുത്തൻ തീരുവ പ്രഖ്യാപനത്തിൽ ആശ്വാസമുണ്ട് എങ്കിലും, ഇന്ത്യയ്ക്കുമേൽ ട്രംപ് തൊടുത്ത ആരോപണം മോദി സർക്കാരിനെ ചൊടിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യൻ യൂണിയനും ദക്ഷിണ കൊറിയയും സിംഗപ്പൂരും അടക്കം 60 രാജ്യങ്ങൾ അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെ അനധികൃത നേട്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ പുതിയ തീരുവയുദ്ധം ആരംഭിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളിന്മേൽ സെക്ഷൻ 301 പ്രകാരം ട്രംപ് അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
തൊഴിലാളികളെക്കൊണ്ട് അമിതമായി പണിയെടുപ്പിച്ച്, ഉൽപാദനം ഉയർത്തിയെന്നും അധികമായി ഉൽപാദിപ്പിച്ചവ അമേരിക്കയിലേക്ക് കയറ്റുമതിചെയർ ലാഭമുണ്ടാക്കിയെന്നും ‘കുറ്റം’ ആരോപിച്ചാണ് ‘ശിക്ഷ’ എന്നോണം ഈ തീരുവ ചുമത്തുന്നത്. ‘മോഡേൺ-ഡേ സ്ലേവറി’യോട് (പുത്തൻകാല അടിമത്തം) ട്രംപ് ഒരിക്കലും പൊറുക്കില്ലെന്ന് പുതിയ തീരുവയെ ന്യായീകരിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റപ്രസന്റേറ്റീവ് ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയും യൂറോപ്യൻ യൂണിയനും സിംഗപ്പൂരുമെല്ലാം യുഎസിന് ഇതേ നാണയത്തിൽ തിരിച്ചടി നൽകാൻ സാധ്യതയുണ്ട്. ഇത് ആഗോള സാമ്പത്തിക, വ്യാപാരയുദ്ധം വീണ്ടും രൂക്ഷമാകാൻ ഇടയാക്കുമെന്നും, ആഗോള സമ്പദ്, വ്യാപാരമേഖല വീണ്ടും താറുമാറായേക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.
അതേസമയം, ഇന്ത്യ എന്തുനിലപാട് എടുക്കുമെന്ന് ഇനിയും വ്യക്തമല്ല. അമേരിക്കയിലേക്കുള്ള 99.4% ഉൽപന്നങ്ങൾക്കും പുതിയ തീരുവ ബാധകമാണ്.
സ്റ്റീൽ, അലുമിനിയം, എണ്ണ, ഗ്യാസ്, വളം, ചില ഭക്ഷ്യ ഉൽപന്നങ്ങൾ, വാഹനം എന്നിവയ്ക്ക് പുതിയ തീരുവ ബാധകമല്ല. ഇവയ്ക്ക് ട്രംപ് നേരത്തേതന്നെ വേറെ തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, യുഎസ്-മെക്സിക്കോ-കാനഡ വ്യാപാരക്കരാറിൽ ഇളവുള്ളവയ്ക്കും പുതിയ തീരുവ ബാധകമല്ല. ട്രംപ് കഴിഞ്ഞയാഴ്ച ബ്രസീലിന് 25 ശതമാനവും കാനഡയ്ക്ക് കഴിഞ്ഞദിവസം 50 ശതമാനവും തീരുവ പ്രഖ്യാപിച്ചിരുന്നു.
1974ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരമാണ് ഈ പുതിയ തീരുവ പ്രഖ്യാപനം നടന്നിരിക്കുന്നത്. ഇതേ ആക്ടിലെ സെക്ഷൻ 122 പ്രകാരം കഴിഞ്ഞ ചുമത്തിയ 10% തീരുവയുടെ കാലാവധിയാണ് ഇന്ന് അവസാനിച്ചത്.
ഈ ചട്ടപ്രകാരം 150 ദിവസത്തേക്ക് തീരുവ ചുമത്താനേ പ്രസിഡന്റിന് അധികാരമുള്ളൂ. ആ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് എത്ര? പത്തോ 12.5 ശതമാനമോ?
ഇന്ത്യ 12.5% തീരുവ വിഭാഗത്തിലാണ് ഉൾപ്പെടേണ്ടതെങ്കിലും സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നതിനാൽ 10% സ്ലാബിലേക്ക് മാറ്റിയെന്ന് യുഎസ് വ്യക്തമാക്കി. ഇന്ന് അവസാനിച്ച ചട്ടപ്രകാരവും ഇന്ത്യയ്ക്ക് 10% തന്നെയായിരുന്നു തീരുവ.
ഇന്ത്യയുമായി വ്യാപാരക്കരാർ ഉറപ്പിക്കാനുള്ള ചർച്ചയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുകെ, മെക്സിക്കോ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, മലേഷ്യ, ഇന്തൊനീഷ്യ, കംബോഡിയ, ശ്രീലങ്ക, ജോർദാൻ, അർജന്റീന, എൽ സാൽവദോർ, ഇക്വഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവയും 10% വിഭാഗത്തിലാണുള്ളത്.
യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ 10 ശതമാനത്തിലും 12.5 ശതമാനത്തിലും ഉൾപ്പെടുന്നുണ്ട്. വെടിനിർത്തൽ തള്ളി ഇറാൻ; പോര് കടുപ്പിക്കാൻ ട്രംപ്
വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ഇറാഖ് പ്രധാനമന്ത്രി അലി അൽ-സെയ്ദി മുഖേന ട്രംപ് സമർപ്പിച്ച നിർദേശം ഇറാൻ കൈയോടെ തള്ളിക്കളഞ്ഞു.
ഇത് ട്രംപിനെ കൂടുതൽ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടതിനേക്കാൾ വലിയശിക്ഷ സൈനികമായി ഇറാന് നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ചെങ്കടലിൽ ഹൂതികൾ കപ്പലുകളെ ആക്രമിച്ചാൽ അതിന്റെ കുറ്റവും ഇറാനുമേൽ ചാർത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ടെഹ്റാനിലെങ്ങും ഇന്നലെയും വൻ സ്ഫോടനങ്ങളുണ്ടായി.
കൂടുതൽ ആക്രമണമുണ്ടാകുന്നത് ചെറുക്കാൻ ടെഹ്റാനിൽ ഇറാൻ വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്. കപ്പലുകളെ ആക്രമിച്ചാൽ നഷ്ടപരിഹാരമെന്നോണം ഇറാന്റെ മരവിപ്പിച്ച ഫണ്ടുകൾ ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
100 കടന്ന് ക്രൂഡോയിൽ, ഓഹരിക്ക് തകർച്ചപ്പേടി
ഹൂതികളും എണ്ണക്കപ്പൽ ആക്രമിച്ച് തുടങ്ങിയതോടെ ക്രൂഡോയിൽ വില കത്തിക്കയറുകയാണ്. ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളർ കടന്നു.
യുഎസ് ക്രൂഡ് വില 92 ഡോളറിലുമെത്തി. ഇത് ഏറ്റവും ആഘാതമാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
കാരണം, ഉപഭോഗത്തിനുള്ള 90 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വില ബാരലിന് 65 ഡോളർ കടന്നാൽതന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എണ്ണവിലക്കുതിപ്പും ടെസ്ല, ആൽഫബെറ്റ് എന്നിവയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ജൂൺപാദ പ്രവർത്തനഫലവും യുഎസ് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയിട്ടുണ്ട്.
ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് ഇടിഞ്ഞത് 2.15 ശതമാനമാണ്. എസ് ആൻഡ് പി500 സൂചിക 1.21%, ഡൗ ജോൺസ് 0.97% എന്നിങ്ങനെയും കൂപ്പുകുത്തി.
ടെസ്ല ഓഹരിവില 15% ഇടിഞ്ഞു. 2025 മാർച്ച് 10 ശേഷമുള്ള ഏറ്റവും വലിയ ഏകദിന വീഴ്ചയാണിത്.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയുടെ പ്രകടനം സമ്മിശ്രമായി തുടരുന്നു. ഗിഫ്റ്റ് നിഫ്റ്റിയും വീണു, ആശങ്കയിൽ ഇന്ത്യ
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 140 പോയിന്റോളം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സെൻസെക്സും നിഫ്റ്റിയും ഇന്നും താഴ്ന്ന് തുടങ്ങുമെന്ന് ഇതു സൂചിപ്പിക്കുന്നു. ആഗോള സമ്പദ്മേഖലയിലെ അനിശ്ചിതത്വം മൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിശയെന്തെന്ന് വ്യക്തമില്ലാതെ ഏറക്കുറെ ആലസ്യത്തിലാണ് സെൻസെക്സും നിഫ്റ്റിയും നീങ്ങുന്നത്.
വലിയ കുതിപ്പോ കനത്ത തകർച്ചയോ ഇല്ലാതെയാണ് ഇവ മുന്നോട്ട് പോകുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും ഇന്ത്യൻ വിപണിയെ കൈവിട്ടു.
3000 കോടി രൂപയുടെ നിക്ഷേപമാണ് അവർ ഇന്നലെ പിൻവലിച്ചത്. എന്നാൽ രൂപ ഡോളറിനെതിരെ ഇന്നലെ 0.05% മാത്രം ഉയർന്ന് 96.50ൽ എത്തി.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 3%, ഷാങ്ഹായ് 0.57%, ഹോങ്കോങ് 1.18%, ദക്ഷിണ കൊറിയൻ കോസ്പി 1.8%, ഓസ്ട്രേലിയ 0.47% എന്നിങ്ങനെ നഷ്ടത്തിലാണെന്നതും ഇന്ത്യൻ ഓഹരി വിപണിക്ക് നൽകുന്നത് ശുഭസൂചനയല്ല. എണ്ണവിലവർധനയും താരിഫ് ആഘാതവുമാണ് പ്രധാനമായും ഏഷ്യൻ വിപണികളെ ഉലയ്ക്കുന്നത്.
സ്വർണവില താഴേക്ക്
എണ്ണവില കൂടുകയും യുഎസ് ഡോളർ സൂചിക 101.46 വരെ ഉയരുകയും ചെയ്തത് സ്വർണത്തിന് വലിയ ആഘാതമായി മാറി. രാജ്യാന്തരവില ഇപ്പോൾ 100 ഡോളർ ഇടിഞ്ഞ് 4046 ഡോളറിലെത്തി നിൽക്കുന്നു.
കേരളത്തിലും ഇന്ന് വില താഴാൻ സാധ്യതയുണ്ട്. വെള്ളിക്കും രാജ്യാന്തര വിപണിയിൽ അടിതെറ്റിയിട്ടുണ്ട്; വില ഔൺസിന് 3.75% കുറഞ്ഞ് 57.69 ഡോളറിലെത്തി.
എണ്ണവില വർധന, പണപ്പെരുപ്പ ഭീഷണി, പലിശനിരക്ക് കൂടാനുള്ള സാധ്യത എന്നിവ യുഎസ് സർക്കാരിന്റെ 10-വർഷ കടപ്പത്ര ആദായനിരക്കിനെ (ട്രഷറി യീൽഡ്) 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയരത്തിലെത്തിച്ചു. 4.7 ശതമാനമായാണ് നിരക്ക് ഉയർന്നത്.
ഇതും സ്വർണത്തിന് കനത്ത തിരിച്ചടിയാണ്. യുഎസിൽ തൊഴിലില്ലായ്മ വേതനം പറ്റുന്നവരുടെ എണ്ണം 1969ന് ശേഷമുള്ള ഏറ്റവും താഴ്ചയിൽ എത്തിയതും പലിശനിരക്ക് കൂടാനുള്ള അനുകൂല ഘടകമാണ്.
യുഎസ് സമ്പദ്വ്യവസ്ഥ ശക്തമാകുന്നുവെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഫലത്തിൽ, പലിശനിരക്ക് വർധിപ്പിച്ചാലും സമ്പദ്മേഖലയെ അതു സാരമായി ബാധിക്കില്ലെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കരുതും.
പലിശനിരക്ക് കൂടുന്നത് ഡോളറിനെയും കടപ്പത്ര ആദായനിരക്കിനെയും കൂടുതൽ ശക്തമാക്കും. അതോടെ സ്വർണവില കൂടുതൽ താഴേക്കും നീങ്ങുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

