മലയാള സിനിമയുടെ വ്യാപ്തി ആഗോളതലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ സിനിമാലോകം ഉറ്റുനോക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ’ന്റെ അന്താരാഷ്ട്ര ഷെഡ്യൂളിന് റഷ്യയിൽ ഔദ്യോഗിക തുടക്കമായി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ കെ.
ജോസ് ആണ്. മലയാളികളുടെ പ്രിയ താരം ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈല ഉഷയാണ് നായികയായി എത്തുന്നത്.
വിവിധ രാജ്യങ്ങളിലേക്ക് പടർന്നു കിടക്കുന്ന പുരാതനമായ ആഭിചാര ആചാരങ്ങളുടെയും, ലോകത്തിന്റെ വിവിധ കോണുകളിൽ രഹസ്യമായി പ്രവർത്തിക്കുന്ന അദൃശ്യ ശക്തികളുടെയും ആഗോള ശൃംഖലയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നത്. ഇവർക്കൊപ്പം വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി മറഞ്ഞിരിക്കുന്ന നിഗൂഢതകളുടെ വേരുകൾ തേടിയുള്ള യാത്രയുടെ ഭാഗമായാണ് റഷ്യൻ പശ്ചാത്തലത്തിലുള്ള ചിത്രീകരണം പുരോഗമിക്കുന്നത്. മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ.
ജോസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് മുജീബ് മജീദ് ആണ്.
പ്രവീൺ പ്രഭാകർ എഡിറ്റിംഗും സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, ലൈൻ പ്രൊഡ്യൂസർ രോഹിത് ആർ.
നായർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ് വി. എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. പി.ആർ.ഒ & ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ വി, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ നിർവ്വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

