ഹരാരെയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശിക്ക് പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കുകയും ചെയ്തു.
ഈ പരമ്പര ഇന്ത്യ 0-4 എന്ന നിലയില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. വെറും മൂന്ന് ഇന്നിംഗ്സുകള്‍ക്ക് ശേഷം കൗമാരക്കാരനായ ഓപ്പണറെ ടീമില്‍ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
തന്റെ ഇപ്പോഴത്തെ ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ വൈഭവ് സൂര്യവംശി പറഞ്ഞതിങ്ങനെ… ”കഴിഞ്ഞ നാല് മാസത്തിനിടയില്‍ ധാരാളം ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇത് ക്രിക്കറ്റിന്റെ ഭാഗമാണ്, അത് തുടര്‍ന്നു കൊണ്ടേയിരിക്കും.
എന്നാല്‍ ഞാന്‍ എന്റെ പ്രക്രിയ പിന്തുടരുകയും ടീമിനായി 100 ശതമാനം നല്‍കുകയും വേണം. എനിക്ക് ആവശ്യമുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോച്ചുകള്‍ ലഭ്യമാക്കുന്നുണ്ട്.
എനിക്ക് ആവശ്യമായ പരിശീലനവും ലഭിക്കുന്നുണ്ട്. ഇപ്പോള്‍ വളരെ നല്ലതായി തോന്നുന്നു, ആത്മവിശ്വാസവുമുണ്ട്.” ബിസിസിഐ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ താരം കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. ചെറിയ പ്രായത്തില്‍ ഇത്തരം തിരിച്ചടികളെ നേരിടുക ബുദ്ധിമുട്ടാണെങ്കിലും, ചുറ്റുമുള്ളവരില്‍ നിന്ന് ലഭിച്ച പിന്തുണ തന്നെ മുന്നോട്ട് പോകാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിച്ചതായി താരം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് വൈഭവ് സൂര്യവംശി. ഇതേ വേദിയില്‍ ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ വെറും 80 പന്തില്‍ നിന്ന് 175 റണ്‍സെന്ന അതിമനോഹരമായ ഇന്നിങ്സാണ് താരം പുറത്തെടുത്തത്.
ഈ മത്സരവേദിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ വൈഭവ് സൂര്യവംശി കൂട്ടിച്ചേര്‍ത്തു… ”എനിക്ക് ഒട്ടനവധി ഓര്‍മ്മകളുള്ള ഒരു ഗ്രൗണ്ടാണിത്. വെറും നാല് മാസം മുമ്പ്, ഞങ്ങള്‍ ഇവിടെ അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കളിച്ച് കിരീടം ചൂടിയിരുന്നു, അതുകൊണ്ടുതന്നെ ഇതൊരു പ്രത്യേക ഗ്രൗണ്ടാണ്.
ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്, അതൊരു പ്രത്യേക നിമിഷമാണ്. ഞാനിത് ശരിക്കും ആസ്വദിക്കുന്നുണ്ട്.” താരം തുടര്‍ന്നു… ”ഇവിടുത്തെ പിച്ചുകളെയും സാഹചര്യങ്ങളെയും കുറിച്ച് അണ്ടര്‍ 19 ലോകകപ്പ് കാലത്ത് കളിച്ചപ്പോള്ത്തന്നെ എനിക്ക് നല്ലൊരു ധാരണ ലഭിച്ചിട്ടുണ്ട്.
അതിനാല്‍, ആ ടൂര്‍ണമെന്റില്‍ നിന്ന് ഞാന്‍ നേടിയ അറിവുകള്‍ ഇപ്പോഴത്തെ മത്സരങ്ങളില്‍ പ്രയോജനപ്പെടുത്താനും നന്നായി കളിക്കാനും ഞാന്‍ ശ്രമിക്കും. ഇതുവരെ ചെയ്ത പരിശീലനത്തിലും എന്റെ ഗെയിമിലും ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

