കോട്ടയം ജില്ലയിലെ ആർപ്പൂക്കര മുടിയൂർക്കരയിൽ റോഡരികിലെ പുരയിടത്തിലേക്ക് ശുചിമുറി മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നാട്ടുകാരെ ടാങ്കർ ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. പോക്സോ ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
മുടിയൂർക്കര കണ്ണൻ ഭവനിൽ എ. രമേശൻ നായർ, മകൻ ഹരിശങ്കർ എന്നിവരെയാണ് പ്രതികൾ വാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മുടിയൂർക്കര – മാന്നാനം റോഡിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. കിലോമീറ്ററുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാഞ്ഞ ടാങ്കർ ലോറി പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തിലുണ്ടായിരുന്ന തൃശൂർ കുറിച്ചിക്കര സ്വദേശി ടി.ആർ. വിഷ്ണു, കുമളി സ്വദേശി ടിന്റോ വർഗീസ്, മാവേലിക്കര പാറ്റൂർ സ്വദേശി എസ്.
ശരത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹനാത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
മുടിയൂർക്കര – മാന്നാനം റോഡിൽ താമസിക്കുന്ന രമേശൻ നായരുടെ വീടിന് സമീപമുള്ള ആശുപത്രിപറമ്പിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശുചിമുറി മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇത്തരത്തിൽ വ്യാപകമായി മാലിന്യം തള്ളിയതിനെ തുടർന്ന് മലിനജലം മഴവെള്ളത്തിൽ കലർന്നൊഴുകുകയും, പ്രദേശത്തെ നാൽപതോളം വീടുകളിലെ കിണർ വെള്ളം പൂർണ്ണമായും ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ വീണ്ടും മാലിന്യം തള്ളാനെത്തിയ വാഹനത്തിന്റെ ശബ്ദം കേട്ടാണ് രമേശൻ നായർ ഉണർന്നത്. ഉടൻ തന്നെ അദ്ദേഹം വിവരം തന്റെ മക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് വാഹനം തടയാൻ ശ്രമിച്ച രമേശൻ നായരുടെയും മകൻ ഹരിശങ്കറിന്റെയും നേർക്ക് പ്രതികൾ ലോറി പാഞ്ഞടുക്കുകയായിരുന്നു. ഇവരെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച ശേഷം വാഹനം നിർത്താതെ മുന്നോട്ടുപോയി.
ഇതിനെത്തുടർന്ന് രമേശൻ നായരുടെ മക്കളായ ഹരിശങ്കറും ജയശങ്കറും ഒരു സുഹൃത്തും ചേർന്ന് കാറിലും ബൈക്കിലുമായി ലോറിയെ പിന്തുടരുകയായിരുന്നു. ഈ സമയമത്രയും ലോറി ഡ്രൈവർ ഇവർ സഞ്ചരിച്ച കാറിനെ പലതവണ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചതായും, കുട്ടാമ്പുറം പാലത്തിന് സമീപം വച്ച് കാർ സമീപത്തെ തോട്ടിലേക്ക് ഇടിച്ചിടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.
കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ പാഞ്ഞ ലോറിയെ പിന്തുടരുന്നതിനിടയിൽ ഹരിശങ്കർ കോട്ടയം വെസ്റ്റ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിക്കുകയും കൃത്യമായ ലൈവ് ലൊക്കേഷൻ പൊലീസിന് കൈമാറുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൺട്രോൾ റൂം പൊലീസ് സംഘം ടാങ്കർ ലോറി വിജയകരമായി തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു.
തുടർന്ന് പ്രതികളെയും വാഹനവും ഗാന്ധിനഗർ പൊലീസിന് കൈമാറി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് ഇൻസ്പെക്ടർ എൻ.
ജയപ്രകാശ് പ്രതികൾക്കെതിരെയുള്ള അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

