അങ്കമാലി **കറുകുറ്റി**യിലെ ‘മീൻവിലാസം’ ഹോട്ടലിൽ വെച്ച് ഷെഫിന് നേരെ ക്രൂരമായ മർദനം. മീൻ വറുത്തതിൽ ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ചാണ് ഹോട്ടലുടമ തന്റെ ജീവനക്കാരനായ ഷെഫിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്.
സംഭവത്തിൽ കൊല്ലം സ്വദേശിയായ ഷെഫ് **റിയാസി**നാണ് പരുക്കേറ്റത്. ഹോട്ടലിലെ നാല് ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി **മുഹമ്മദ് ഉവൈസി**നെതിരെ അങ്കമാലി പോലീസ് കേസെടുത്തു.
കഴിഞ്ഞ **ഞായറാഴ്ച രാത്രി പത്തു മണിയോടെ**യായിരുന്നു സംഭവം. ഹോട്ടലിൽ എത്തിയ **മുഹമ്മദ് ഉവൈസ്** ഫിഷ് ഫ്രൈ ഓർഡർ ചെയ്തിരുന്നു.
ഇത് പാകം ചെയ്തു നൽകിയെങ്കിലും, ഭക്ഷണത്തിന്റെ രുചിയെച്ചൊല്ലി ഉടമ തർക്കം ആരംഭിക്കുകയായിരുന്നു. ഹോട്ടലിലെ ഫ്രീസർ കേടായതുകൊണ്ടാണ് മീനിന്റെ ഗുണനിലവാരത്തിൽ മാറ്റം വന്നതെന്നും, ഇത് നന്നാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായില്ലെന്നും ഷെഫ് മറുപടി നൽകി.
തുടർന്ന് പ്രകോപിതനായ ഉടമ ഷെഫിനെ ആക്രമിക്കുകയായിരുന്നു. എഫ്ഐആറിലെ വിവരങ്ങൾ പ്രകാരം, ‘റിയാസിന്റെ പിറകെ ചെന്ന് ഷർട്ടിന്റെ കുത്തിന് പിടിച്ച് പുറകോട്ടു തള്ളുകയും അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയും തവിയെടുത്ത് തല്ലുകയും ചെയ്തു’.
ഈ ആക്രമണത്തിൽ റിയാസിന്റെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു. പരുക്കേറ്റ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
അനധികൃതമായി തടഞ്ഞുവെച്ച് മർദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അങ്കമാലി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

